ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രിയതമയെ ഒരു നോക്ക് കാണണം ഭർത്താവ് സ്‌റ്റെഫാനോ ബോസ്നിയ്ക്ക്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ 81 കാരനായ ബോസ്നിയ്ക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ കഴിയില്ല. ഭാര്യയെ കാണാൻ കഴിഞ്ഞില്ലെങ്കിലും പ്രിയപ്പെട്ടവളെ സന്തോഷിപ്പിക്കാനായി ജനാലയുടെ പുറത്തിരുന്ന് ഭാര്യ ക്ലാര സാച്ചിയുടെ പ്രിയഗാനം പാടുകയാണ് ഭർത്താവ് ബോസ്‌നി.
താഴെ ആശുപത്രി വരാന്തയിൽ ഇരുന്ന് പാട്ട് പാടുന്ന ബോസ്‌നിയെ രണ്ടാം നിലയിലെ ജനാലയുടെ അരികിൽ നിന്ന് നോക്കുന്ന ക്ലാരയേയും ദൃശ്യങ്ങളിൽ കാണാം. ഇംഗ്ലീഷ് പോപ് ഗാനമായ സ്പാനിഷ് ഐസ് എന്ന പാട്ടാണ് പ്രിയ തമയ്ക്ക് വേണ്ടി ബോസ്‌നി വായിക്കുന്നത്.
അർബുദം ബാധിച്ച ക്ലാരയെ കഴിഞ്ഞ ദിവസമാണ് അസുഖം കൂടുതൽ ആയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയുടെ പ്രിയപ്പെട്ട ഗാനമാണ് ബോസ്‌നി അവൾക്കായി പാടുന്നത്. ക്ലാര അരികിൽ ഉള്ളപ്പോൾ ഈ ഗാനം പാടിക്കൊടുക്കാറുണ്ടെന്നും ഇത് അവളുടെ പ്രയപ്പെട്ട ഗാനമാണെന്നും ബോസ്‌നി പറയുന്നുണ്ട്.