ആകാശത്തിലിങ്ങനെ ഉയർന്നു പറക്കുന്ന വിമാനത്തിലിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുക, എന്തൊരു അനുഭവമാണ് അത്. എന്നാൽ ഭക്ഷണം കഴിക്കാനായി മാത്രം വിമാനത്തിൽ കയറുക എന്നത് അത്ര പ്രാക്ടിക്കലായ കാര്യമല്ല.
ഇപ്പോളിതാ, ഭക്ഷണം കഴിക്കാനായി എയർക്രാഫ്റ്റ് തീമിൽ ഒരു റെസ്റ്റോറന്റ് ഗുജറാത്തിലെ വഡോദര ജില്ലയിൽ ആരംഭിച്ചിരിക്കുകയാണ്. ഹൈഫ്ലൈ എന്ന പേരിൽ ആരംഭിച്ച റെസ്റ്റോറന്റ് വഡോദര നഗരത്തിലെ ഹൈവേയ്ക്ക് സമീപം മെയിൻ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
ആകാശത്ത് ഉയർന്ന പറക്കില്ലെങ്കിലും വിമാനത്തിലിരിക്കുന്ന അതെ അനുഭവമാണ് റെസ്റ്റോറന്റ് സമ്മാനിക്കുന്നത്. വിമാനത്തിൽ ഒരേസമയം 106 പേർക്ക് ഇരിക്കാൻ സാധിക്കും. വെയിറ്ററെ അടുത്തേക്ക് വിളിക്കാൻ വിമാനം പോലെ തന്നെ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം എയർഹോസ്റ്റസ് ക്യാബിൻ ക്രൂ പോലെയുള്ള ജോലിക്കാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. ഈ റെസ്റ്റോറന്റ് നിർമ്മിക്കുന്നതിനായി ബെംഗളൂരുവിലെ ഒരു കമ്പനിയിൽ നിന്ന് എയർബസ് 320 വാങ്ങിയിരുന്നു.
വിമാനത്തിന്റെ ഓരോ ഭാഗവും വഡോദരയിൽ കൊണ്ടുവന്ന്
ഒരു റെസ്റ്റോറന്റായി പുനർനിർമ്മിച്ചതായി റെസ്റ്റോറന്റ് ഉടമ പറയുന്നു. പഞ്ചാബി, ചൈനീസ്, കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്സിക്കൻ, തായ് എന്നിവയുൾപ്പെടെ വ്യത്യസ്തമായ ഭക്ഷണങ്ങൾ ഇവിടെ ലഭ്യമാണ്.