നിരവധി കുടുംബ ചിത്രങ്ങളിലൂടെ കുടുംബസദസ്സുകളെ കയ്യിലെടുത്തിട്ടുള്ള താരമാണ് നടൻ മോഹൻലാൽ. അത്തരത്തിൽ കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന അദ്ദേഹത്തിന്‍റെ ഒരു ചിത്രമാണ് 2003ൽ പുറത്തിറങ്ങിയ ബാലേട്ടൻ എന്ന സിനിമ. മോഹന്‍ലാലും ദേവയാനിയും നെടുമുടി വേണുവുമൊക്കെ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ മോഹൻലാലിന്‍റെ മക്കളായി എത്തിയിരുന്ന രണ്ട് കുട്ടികളും ഏറെ ശ്രദ്ധ നേടിയവരാണ്. സഹോദരിമാരായ ഗോപിക അനിലും കീര്‍ത്തന അനിലുമായിരുന്നു അത്. സിനിമകളിൽ അധികം സജീവമല്ലെങ്കിലും ഇൻസ്റ്റയിൽ ടിക് ടോക് വീഡിയോകളിലൂടേയും മറ്റും ഇപ്പോള്‍ സജീവമാണ് ഇരുവരും.
തങ്ങളുടെ അച്ഛനെ നാട്ടുകാരും അമ്മയും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നതുപോലെ മക്കളും ബാലേട്ടാ എന്ന് വിളിക്കുന്നത് സിനിമയിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു. സഹോദരിമാരായ ഗോപികയും കീര്‍ത്തനയുമായിരുന്നു ചിത്രത്തിൽ മോഹന്‍ലാലിന്‍റെ മക്കളായി വേഷമിട്ടിരുന്നത്. ചിത്രമിറങ്ങി 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരുടെയും പുത്തന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടിക് ടോകിൽ ഉള്‍പ്പെടെ സജീവമായ ഇവർക്ക് നിരവധി ഇൻസ്റ്റ ഫോളോവേഴ്സുമുണ്ട്.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇവര്‍. ഇരുവരിലും മൂത്തയാളായ ഗോപിക ആയുര്‍വേദ ഡോക്ടറാണിപ്പോള്‍. കീര്‍ത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്. ഇപ്പോള്‍ സീരിയൽ രംഗത്ത് സജീവമാണ് ഇരുവരും. സീ കേരളത്തിലെ കബനി എന്ന സീരിയലില്‍ ഇരുവരും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ അമ്മത്തൊട്ടിൽ, മാംഗല്യം എന്നീ സീരിയലുകളുടെ ഭാഗമായി ഇവർ മുമ്പ് പ്രവർത്തിച്ചിട്ടുമുണ്ട്. ഇവർ ഒന്നിച്ച് ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു ബാലേട്ടൻ.
ബിജു മേനോന്‍റെ ‘ശിവം’, രംഭ നായികയായ മയിലാട്ടം തുടങ്ങിയ സിനിമകളിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. ‘സീതാകല്യാണം’, ‘പാഠം ഒന്ന് ഒരു വിലാപം’, ‘സദാനന്ദന്‍റെ സമയം’ എന്നീ ചിത്രങ്ങളിൽ കീര്‍ത്തനയും മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റയിൽ ഏറെ സജീവമാണ് ഇരുവരും. ഇരുവർക്കും ഇരുപതിനായിരത്തിനടുത്ത് ഫോളോവേഴ്സുണ്ട് ഇൻസ്റ്റയിൽ. ടിക് ടോകിലും ഇവരുടെ വീഡിയോകൾ ട്രെൻഡാകാറുണ്ട്. സീരിയൽ ലോകത്തുനിന്നും വീണ്ടും തിരിച്ച് സിനിമയിലേക്ക് എത്താൻ ഒരുങ്ങുകയുമാണിവർ.