
ക്രിസ്മസ് കാലമെത്തിയതോടെ ഇനി കരോൾ സംഘവും ആഘോഷങ്ങളുമൊക്കെ സജീവമാകാനൊരുങ്ങുകയാണ്. വിദേശരാജ്യങ്ങളിൽ ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ മഞ്ഞിൽ റെയിൻഡിയറും സ്ലെഡ്ജുമൊക്കെയായി ഇപ്പോഴും എത്താറുണ്ട് ക്രിസ്മസ് സാന്താക്ളോസ്. എന്നാൽ, പെറുവിൽ ഇത്തവണ സാന്താക്ളോസ് എത്തിയത് ഫയർ എഞ്ചിനിലാണ്.
വ്യത്യസ്തമായ ഈ വരവിനു പിന്നിൽ ഹൃദയംതൊടുന്ന ഒരു കാരണവുമുണ്ട്. പെറുവിൽ, വില്ലേജ് എന്നറിയപ്പെടുന്ന ഒരു ബഹുനില കോമ്പൗണ്ടിൽ കുടുംബത്തോടൊപ്പം ഒറ്റപ്പെട്ടു കഴിയുകയാണ് കൊവിഡ് ബാധിച്ച കുട്ടികൾ. കുട്ടികൾക്ക് ക്രിസ്തുമസിന്റെ സന്തോഷവും സമ്മാനങ്ങളും നൽകുന്നതിനായി സാന്ത ഒരു ഫയർ എഞ്ചിനിൽ കയറിയാണ് എത്തിയത്.

കൊവിഡ് മേഖലകളായതിനാൽ ഇങ്ങോട്ടേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയില്ല, പക്ഷേ സാന്തയും അഗ്നിശമന സേനയും ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുകയായിരുന്നു. ഒരു ചെറി പിക്കർ ഉപയോഗിച്ചാണ് സാന്താ ഉയരങ്ങളിൽ എത്തിയത്. ഇതിലൂടെ ജനാലകൾക്കരികിലെത്താനും കുട്ടികൾക്ക് സമ്മാനം നൽകാനും കഴിയും. അപ്രതീക്ഷിതമായി ക്രിസ്മസിന് മുൻപ് തന്നെ സാന്താക്ളോസ് എത്തിയപ്പോൾ കുട്ടികളും സന്തോഷത്തിലായി.