പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വസുകാരന്‍ വിടപറഞ്ഞു. തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ സുജിത് വില്‍സന്‍ മരിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളായി കുട്ടിയെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. മൃതേദഹം അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം കുഴല്‍ക്കിണറിലൂടെ തന്നെ പുറത്തെടുത്തു. മരണം സ്ഥിരീകരിച്ചതോടെ, ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ഓടെ തന്നെ പോസ്റ്റുമാര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി 10.30 ഓടെ കുഴല്‍ക്കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചെന്ന് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് തിരിച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുജിത്ത് അപകടത്തില്‍പ്പെട്ടത്. കൃഷിക്കായി മുന്‍പ് കുഴിച്ച കിണർ വെള്ളമില്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണ്. പതിവുപോലെ കിണറിന് അടുത്ത് കളിക്കുകയായിരുന്ന കുട്ടി. എന്നാല്‍, മഴപെയ്ത് കുതിര്‍ന്ന് കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കുട്ടിയും കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ആദ്യം 25 അടി താഴ്ചയിലായിരുന്നു കുട്ടി വീണത്. പിന്നീട് ഘട്ടം ഘട്ടമായി 90 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇതോടെ അഗ്നിശമന സേനയും ദുരന്ത നിവരാണ സേനയും നാട്ടുകാരും അടക്കമുള്ള സംഘങ്ങളുടെ സഹായത്തോടെ കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. എന്നാല്‍ കനത്ത മഴയും പാറയും രക്ഷാപ്രവര്‍ത്തനത്തിനു വിലങ്ങുതടിയായി. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു വലിയ കിണര്‍ കുഴിക്കാനായി ജര്‍മന്‍ നിര്‍മിത യന്ത്രം ഉപയോഗിച്ച് പ്രവര്‍ത്തനം പുരോഗമിക്കുകയായിരുന്നു. എന്നാല്‍, കാലാവസ്ഥയും മണ്ണിലെ പാറയും തടസ്സമായി. 88 അടി താഴ്ചയിലാണ് കുട്ടിയുണ്ടായിരുന്നത്. അതേ സമയം സുജിത്തിനെ രക്ഷിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള ഗുരീന്ദര്‍ സിങ്, ഹരീന്ദര്‍ സിങ് എന്നീ രണ്ട് കര്‍ഷകരുടെ സഹായം തമിഴ് നാട് സര്‍ക്കാര്‍ തേടിയിരുന്നു. ഇവര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിയെ നേരത്തെ രക്ഷിച്ചിട്ടുണ്ട്. കുഴല്‍ക്കിണറില്‍ മണ്ണ് വീണ് അടഞ്ഞ് പോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധയോടെയാണ് കുഴിക്കല്‍ നടത്തിയിരുന്നത്.