
പ്രസവ വേദന വന്നപ്പോൾ സൈക്കിളെടുത്ത് ആശുപത്രിയിലേക്ക് എത്തിയ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ന്യൂസിലാൻഡ് എംപി ജൂലി ആൻ ജെൻഡറാണ് ലോകമാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം പിടിക്കുന്നത്. ആശുപത്രിയിലെത്തി ഒരു മണിക്കൂറിനകം തന്നെ ആൻ ജെൻഡർ പെൺകുഞ്ഞിനു ജന്മം നൽകി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
രണ്ടുമണിയോടെ ജൂലിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. 41–കാരിയായ ജൂലി ഉടൻ തന്നെ തന്റെ സൈക്കിളെടുത്ത് ആശുപത്രിയിലേക്ക് തിരിച്ചു. വീട്ടിൽ നിന്ന് രണ്ട് മൂന്ന് മിനിറ്റ് ദൂരം മാത്രമേ ആശുപത്രിയിലേക്കുള്ളൂ. പക്ഷേ, വേദന കാരണം 10 മിനിറ്റ് എടുത്താണ് എത്തിയത്. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ ജൂലിയെ ലേബർ റൂമിലേക്ക് കയറ്റി.

ഒരു മണിക്കൂറിനകം പ്രസവം നടന്നു. ഗർഭകാലത്ത് ഇങ്ങനെ ഒരു സൈക്ലിങ് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പ്രതീക്ഷിച്ചില്ലെന്നാണ് സംഭവത്തിനു ശേഷം ജൂലി പ്രതികരിച്ചത്. യാദൃച്ഛികമായാണ് ഇതെല്ലാം സംഭവിച്ചതെന്നും ജൂലി പറയുന്നു. പ്രസവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ജൂലി പറയുന്നത് ഇങ്ങനെ;
ഒരു വലിയ വാർത്ത നിങ്ങളെ അറിയിക്കുകയാണ്. പുലർച്ചെ 3.04ന് ഞങ്ങളുടെ കുടുംബത്തിൽ പുതിയ അംഗം എത്തി. സൈക്കിളിൽ ആശുപത്രിയിൽ എത്തി പ്രസവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെ സംഭവിച്ചിരിക്കുന്നു. രണ്ടു മണിയോടെ വേദന അനുഭവപ്പെട്ടു തുടങ്ങി. വീട്ടിൽ നിന്നും 2–3 മിനിറ്റിന്റെ ദുരത്തിലാണ് ആശുപത്രി.
എന്നാൽ വേദന കാരണം 10 മിനിറ്റെടുത്താണ് എത്തിയത്. ഇപ്പോൾ ആരോഗ്യവതിയായ ഞങ്ങളുടെ കുഞ്ഞ് അവളുടെ അച്ഛന്റെ അരികിൽ കിടന്നുറങ്ങുന്നു. പ്രഗത്ഭരായ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ സുഖപ്രസവമായിരുന്നു അത്. ’– ജൂലി കുറിച്ചു.

ജൂലിയുടെ ഈ പ്രസവകഥ ഇപ്പോൾ ലോകം മുഴുവൻ വൈറലാണ്. നിരവധി പേരാണ് എംപിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളൊരു സൂപ്പർ മമ്മയാണെന്നാണ് പലരുടെയും കമന്റ്.