തന്റെ പേരിൽ വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നതിനെതിരെ കൊല്ലം പൊന്മന ഗ്രാമപഞ്ചായത്തിലെ 19–ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജയചിത്ര രംഗത്ത്. മറ്റൊരു സ്ത്രീയുടെ ചിത്രം ഉൾപ്പെടുത്തിയാണ് ജയചിത്രയുടെ പേരിൽ പോസ്റ്റർ പ്രചരിക്കുന്നത്. ഇതിനെതിരെ ജയചിത്ര ചവറ പൊലീസിൽ പരാതി നല്‍കി.
‘പഞ്ചായത്ത് മാറി വോട്ടു ചെയ്യാൻ പറ്റുമോ’ എന്ന ക്യാപ്ഷനോടെയാണ് വ്യാജ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് പല ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. മോശം കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിച്ചു. ഇതോടെയാണ് പരാതിയുമായി സ്ഥാനർഥി പൊലീസ് സ്റ്റേഷനിലെത്തിയത്.
അബുദാബിയിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണ് പോസ്റ്റർ പ്രചരിപ്പിച്ചത് എന്നാണ് സൂചന. ഇയാളുടെ മൊബൈൽ നമ്പർ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഈ വ്യാജ പ്രചരണത്തിൽ താൻ തളരില്ലെന്ന് ജയചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചു.