പോലീസ് പിടിക്കുക എന്ന് പറഞ്ഞാൽ സാധാരണ ഗതിയിൽ അത്ര സുഖകരമായ വാർത്ത അല്ല. പ്രത്യേകിച്ച് ബൈക്കർമാരെ പോലീസ് പിടിച്ചാൽ പിന്നെ ഫൈൻ അടിക്കാതെ ഊരിപ്പോരാൻ പറ്റില്ല എന്നാണ് ബൈക്കർമാർക്കിടയിലെ സംസാരം. എന്നും കരുതി എല്ലാ സാഹചര്യങ്ങളിലും ഫലം ഇതുപോലെ തന്നെ ആവണം എന്നില്ല കേട്ടോ. ഉദാഹരത്തിന് യൂട്യൂബർ അന്നിഅരുണിൻ്റെ കാര്യം തന്നെയെടുക്കാം.
പോണ്ടിച്ചേരിയിൽ നിന്ന് തെങ്കാശിയിലേക്ക് തന്റെ കെടിഎം ബൈക്കിൽ റൈഡിന് ഇറങ്ങിയതാണ് അന്നിഅരുൺ. ഹൈവേയിൽ സച്ചരിക്കുമ്പോൾ ഒരു പോലീസ്‌കാരൻ കൈകാട്ടി. അന്നിഅരുൺ ബൈക്ക് പോലീസ്‌കാരന്റെ അടുത്തേക്ക് ഒതുക്കി നിർത്തി. പോലീസ് ഉദ്യോഗസ്ഥൻ ബൈക്ക് ഓടിക്കുന്നയാൾ കർണാടകയിൽ നിന്നുള്ളയാളാണോ എന്ന് ചോദിക്കുന്നതും അന്നിഅരുൺ അതെ എന്ന് മറുപടി പറയുന്നതും കാണാം. ഉടനെ അതെ റൂട്ടിൽ ഒരു തമിഴ് നാട് സ്റ്റേറ്റ് ബസ് മുന്നോട്ട് പോയിട്ടുണ്ട് എന്നും ബസ്സിലെ വയസ്സായ യാത്രക്കാരിയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ പുറത്തേക്ക് ഒരു മരുന്ന് കുപ്പി തെറിച്ചു വീണു എന്നും പോലിസിസുകാരൻ വ്യക്തമാക്കുന്നു.
തുടർന്ന് തന്റെ കയ്യിൽ സൂക്ഷിച്ചിരിക്കുന്ന മരുന്ന് കുപ്പി വൃദ്ധയായ സ്ത്രീക്ക് കൈമാറണമെന്ന് പോലീസുകാരൻ ബൈക്കറോട് അഭ്യർത്ഥിക്കുന്നു. പ്രതീക്ഷിച്ചതിന് വിപരീതമായി സംഭവിക്കുന്നത് കണ്ട് അല്പം അത്ഭുതപ്പെട്ടെങ്കിലും താൻ അത് നൽകാം എന്നേറ്റ ബൈക്കർ മരുന്ന് കുപ്പിയുമായി മുൻപേ പോകുന്ന ബസ് ലക്ഷ്യമാക്കി പായുന്നു. ബസ് ഓവർടേക്ക് ചെയ്യുമ്പോൾ ഡ്രൈവറോട് ഒതുക്കാൻ ആവശ്യപ്പെടുന്നതും തുടർന്ന് ബസ് നിർത്തുന്നതും വിഡിയോയിൽ കാണാം. പോലീസുകാരൻ പറഞ്ഞതുപോലെ വയസ്സായ സ്ത്രീക് മരുന്നുകുപ്പി നൽകുമ്പോൾ സ്ത്രീയുടെ മുഖത്ത് സന്തോഷം, ബൈക്കർക്ക് സംതൃപ്തി.
താനല്ല, അവിടെയുള്ള പോലീസുകാരൻ ആണ് തന്നോട് ഇത് താരം ആവശ്യപ്പെട്ടത് എന്ന് റൈഡർ പറയുന്നത് ഹെൽമെറ്റിൽ സ്ഥാപിച്ച ക്യാമെറയിൽ പതിഞ്ഞിട്ടുണ്ട്. ഹൃദയസ്പർശിയായ ക്ലിപ്പ് വൈറലായി. ചെയ്ത നല്ല കാര്യത്തിന് പൊലീസ്‌കാരനെയും ബൈക്കർ അന്നിഅരുണിനെയും പ്രശംസിക്കുന്നവർ ആണ് ഏറെയും.