
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരൻ. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചേക്കേറിയ താരം ഏതുവേഷവും അനായാസം അവതരിപ്പിക്കുന്നതിൽ കൈയടി നേടിയ താരവുമാണ്. വില്ലനായും, ഹാസ്യതാരമായും, നായകനായുമെല്ലാം ഇന്ദ്രജിത്ത് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചു.
ആഹാ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഏറ്റവും ഒടുവിൽ നായകനായി എത്തിയത്. കുറുപ്പ് എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷത്തിൽ നടൻ എത്തിയിരുന്നു. ഇപ്പോഴിതാ, ആഹാ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ കുറച്ചുനാളുകൾക്ക് മുൻപ് നടനെ വൈറലാക്കിയ ഒരു ഗാനം ആലപിക്കുകയാണ് ഇന്ദ്രജിത്ത്.
അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ‘കടുവായെ കിടുവ പിടിക്കുന്നെ..’ എന്ന ഗാനം രസകരമായി പാടി ചിരിപടർത്തിയിരുന്നു താരം. അതെ ഗാനം രസികത്വം ഒട്ടും ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത് വേദിയിൽ. വടംവലി പ്രമേയമാക്കിയാണ് ആഹാ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’.

കേരളത്തിലെതന്നെ ഏറെ പ്രശസ്തമായ വടംവലി ടീമാണ് കോട്ടയം നീലൂരിലെ ആഹാ. തൊണ്ണൂറുകളില്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ ടീം. ഈ ടീമിൽ നിന്നുള്ളവരും ചിത്രത്തിൽ ഭാഗമായിട്ടുണ്ട്. പ്രേം എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധായകന് ബിബിന്‍ പോള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായെത്തുന്നത്. അമിത് ചക്കാലക്കല്‍, അശ്വിന് കുമാര്‍, മനോജ് കെ ജയന്, മേഘ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. സ്പോര്‍ട്സ് പശ്ചാത്തലത്തിലുള്ള ചിത്രം കൂടിയാണ് ആഹാ.