Home Viral Viral Articles പെണ്ണെന്നാല്‍ ആണിന് കിടപ്പറയിലെ വിശപ്പടക്കാനുള്ള യന്ത്രം മാത്രമാണോ; ചോദിച്ചപ്പോള്‍ എനിക്ക് പൊള്ളി! കല മോഹന്‍ പറയുന്നു

പെണ്ണെന്നാല്‍ ആണിന് കിടപ്പറയിലെ വിശപ്പടക്കാനുള്ള യന്ത്രം മാത്രമാണോ; ചോദിച്ചപ്പോള്‍ എനിക്ക് പൊള്ളി! കല മോഹന്‍ പറയുന്നു

0
പെണ്ണെന്നാല്‍ ആണിന് കിടപ്പറയിലെ വിശപ്പടക്കാനുള്ള യന്ത്രം മാത്രമാണോ; ചോദിച്ചപ്പോള്‍ എനിക്ക് പൊള്ളി! കല മോഹന്‍ പറയുന്നു

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പല ദുരനുഭവങ്ങളും ഉണ്ടാകുന്നുണ്ട്. പലരും തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ പുറത്ത് പറയാറില്ല. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നല്ലവര്‍ എന്ന് തോന്നിക്കുന്ന പലര്‍ക്കും മറ്റൊരു മുഖം കൂടി ഉണ്ടെന്ന് പറഞ്ഞ് വയ്ക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കലാ മോഹന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തനിക്ക് മുന്നില്‍ എത്തിയ അനുഭവം പങ്കുവെച്ച് കല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കലാ മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കൊറോണ ദിവസങ്ങളില്‍ ഇടയ്ക്ക് ഞാന്‍ ഓര്‍ക്കുന്ന ഒരു മുഖമുണ്ട്, പല ജീവിതങ്ങളുണ്ട്. ഞാന്‍ അങ്ങോട്ട് വന്നു മിണ്ടിയാല്‍ , സാറിന് ബുദ്ധിമുട്ടായാലോ ,അതാ മാറി നിന്നത്. ബസ് കേറാനായി കൊല്ലത്തു നില്‍കുമ്പോള്‍ കണ്ട പരിചയം ഉള്ള ഒരുവളെ നോക്കി ഞാന്‍ ചിരിച്ചു. ഉടനെ തന്നെ അടുത്തേയ്ക്ക് അവള്‍ എത്തി. അവര്‍,, ഒരു ലൈംഗിക തൊഴിലാളി ആണ്. തെരുവില്‍ ശരീരം വില്‍ക്കുന്നവര്‍. അനേകം , സ്ത്രീകള്‍ നമ്മുക്കിടയില്‍ ഇങ്ങനെ ഉണ്ട്. എല്ലാവര്ക്കും അറിയാം അത്. അര്‍ദ്ധ രാത്രിയുടെ മറവില്‍ , പുന്നാരിക്കുന്നവര്‍ , പകല്‍ വെളിച്ചത്തില്‍ കാര്‍ക്കിച്ചു തുപ്പിയാലും ആ സ്ത്രീകള്‍ക്കതു പുത്തരി അല്ല. ജീവിതത്തിന്റെ പച്ചയായ സത്യത്തിനു മുന്നില്‍ നില്‍ക്കുന്നവര്‍.

”ബംഗാളികള്‍ നമ്മുടെ നാട്ടിലെ ആണുങ്ങളേക്കാള്‍ മെച്ചമാണ് സാറെ.. പറഞ്ഞു പറ്റിക്കില്ല. അരിശത്തോടെ അവര്‍ പറഞ്ഞു. കേറി കിടക്കാനൊരു കൂര ഇല്ല സാറെ. അവര്‍ സങ്കടം പറഞ്ഞു. നൂറിനും ഇരുനൂറിനും ഒക്കെ കിടന്നു കൊടുക്കേണ്ടി വരും. പ്രായമായ എന്നെ ആര്‍ക്കും വേണ്ടാതായി. ശുഷ്‌കിച്ച സ്വന്തം ശരീരത്തെ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു. ഈ സ്ത്രീ , അവരുടെ അച്ഛനാല്‍ പീഡിപ്പിക്കപ്പെട്ടതാണ്. ഇന്നവര്‍ക്കു അമ്പതു വയസ്സുണ്ട്. അച്ഛന്റെ പീഡനം പുറത്തു പറഞ്ഞതിന്റെ ഭവിഷ്യത്ത് , പിതാവിനെ കാള്‍ വലിയ തെമ്മാടിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഒരു പിമ്പ്. അതും തീരെ ചെറു പ്രായത്തില്‍. കെട്ടിയിട്ടു ഭാര്യയെ ഭോഗിക്കുന്നതില്‍ സംതൃപ്തി കണ്ടിരുന്ന മനുഷ്യന്‍. അയാളുടെ ക്രൂരതകളില്‍ നിലകൊള്ളാനാവാതെ വീട് വിട്ടു ഇറങ്ങി ഓടി. തന്റെ ശരീരം വിറ്റു കിട്ടുന്ന കാശില്‍ ഒരല്‍പം ഭക്ഷണം പോലും തരാന്‍ കൂട്ടാക്കാത്ത അയാളെ ഒഴിവാക്കി, , തെരുവിന്റെ മകള്‍ ആയി തീര്‍ന്നു. ഒരു മകളുണ്ടായി. ആരാണ് അച്ഛന്‍ എന്ന് അറിയാന്‍ വയ്യാത്ത ഒരു കുഞ്ഞിനെ വളര്‍ത്താതെ അവളെ മക്കളില്ലാത്ത ഒരാള്‍ക്ക് കൊടുത്തു. എവിടെ ആണെന്ന് തിരക്കിയിട്ടും ഇല്ല. ഭൂമിയില്‍ ജീവിച്ചിരിക്കവേ ചെയ്ത ഒരു പുണ്യ പ്രവര്‍ത്തി അതാണെന്ന് അവര്‍ പറഞ്ഞു. അവര്‍ക്കൊരു പേരില്ല. ഇത് ഒരാള്‍ അല്ല…പലര്‍ ആണ്..

അവര്‍ പറഞ്ഞ അനുഭവങ്ങള്‍, സ്ത്രീ എന്ന നിലക്ക് താങ്ങാന്‍ പറ്റുന്നത് ആയിരുന്നില്ല. മനുഷ്യ ജന്മം എടുത്ത ആര്‍ക്കും കേള്‍ക്കാന്‍ ത്രാണി ഉള്ളതല്ല. പൊതു സമൂഹത്തിന്റെ മുന്നില്‍.. , സ്വന്തം ഭാര്യയുടെ അടുത്ത്,
കുഞ്ഞാടായ പലരുടെയും ലൈംഗിക പിരിമുറുക്കങ്ങള്‍ സഹിക്കേണ്ടി വരുന്ന ശരീരങ്ങള്‍. മനസ്സില്‍ കെട്ടി നിറച്ചിരിക്കുന്ന അഴുക്കുകള്‍ ഒക്കെ കാശു കൊടുത്തു കിടന്നു തരുന്ന ശരീരത്തോട് പ്രകടിപ്പിക്കുന്ന ഭ്രാന്തന്മാര്‍. സിഗരറ്റ് കൊണ്ട് മുറിവുണ്ടാക്കും ചിലര്‍. വല്ലാതെ നോവിക്കും, കടിച്ചു പറിയ്ക്കും. പ്രകൃതി വിരുദ്ധ പ്രവൃത്തിയ്ക്ക് അധികം ചില്ലറ തരാമെന്ന് പറഞ്ഞു പറ്റിക്കും.

സ്വന്തം കഴിവില്ലായ്മയുടെ അപകര്‍ഷതാ ബോധം ശിരസ്സ് കുനിക്കപ്പെടാതെ , കാശു തന്നിട്ടാണ് എന്ന അഹങ്കാരത്തോടെ , ആ ശരീരങ്ങളില്‍ പെയ്കൂത്തു നടത്തും. കേട്ടിരുന്നപ്പോള്‍ പലപ്പോഴും , തലകറങ്ങും പോലെ , ശര്ദ്ധിക്കാന്‍ വരും പോലെ എനിക്ക് തോന്നി. ഭയം തോന്നി. എന്റെ കുടുംബത്തിലെ പുരുഷന്മാര്‍. എന്റെ സുഹൃത്തുക്കളായ പുരുഷന്മാര്‍ ഒക്കെ നല്ലവരാണ്. അവരൊന്നും ഇതില്‍ പെടില്ല. എന്നത് എന്റെ വിശ്വാസം മാത്രമാണ്. ആ സ്ത്രീകള്‍ , അവര്‍ക്കാരോടും സ്‌നേഹമില്ല. വെറുപ്പ് കടപുഴകി എറിയുന്നുമില്ല. ഒരു നേരത്തെ ഭക്ഷണത്തിനോടല്ലാതെ ഒന്നിനോടും കടപ്പാടുമില്ല. നാളെ , പുഴുവരിച്ച കിടക്കുന്ന ശരീരത്തെ ആരോരും അറിയാതെ മറവു ചെയ്യുമെന്നും അവര്‍ക്കറിയാം.

അഞ്ചു വര്‍ഷത്തിന് മുന്പ് വരെ ഇവര്‍ ഉള്‍പ്പെട്ട സമൂഹവുമായി വളരെ അധികം ഇടപെടേണ്ടി വരുന്ന പ്രോജക്ടുകളുടെ ഭാഗമായിരുന്നു ഞാന്‍. മേലെ പറഞ്ഞ ഒരുപാട് ജന്മങ്ങളെ കണ്ട്, അറിഞ്ഞു കടന്നു പോയ ദിനങ്ങള്‍. ചിരിയുടെ അംശം ഒട്ടുമില്ലാത്ത ജീവിതങ്ങളുടെ നേര്‍കാഴ്ച. പ്രായോഗികതയുടെ ചുവടുറപ്പില്‍ നിന്നും ഒട്ടും കളം മാറാതെ ജീവിതം കൊണ്ട് പോകാന്‍ ശീലിച്ച കാലങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു.
ആ കാലം കാഴ്ചയ്ക്ക് ചെന്നെത്താവുന്നതിനും അപ്പുറത്തെ ലോകം ഉണ്ടെന്ന് ഞാനറിഞ്ഞു…

അവള്‍ പറഞ്ഞ ഒന്നുണ്ട്. അട്ടഹസിച്ചു കൊണ്ട്. ‘ ആണിന്റെ സ്‌നേഹമോ, അതിനു നിമിഷങ്ങളുടെ നിലനില്‍പ്പല്ലേ സാറെ. അല്ലേല്‍ സ്‌നേഹിച്ചു എന്നത് നമ്മുക്കുണ്ടാകുന്ന തോന്നലാ. പെണ്ണെന്നാല്‍ ആണിന് കിടപ്പറയിലെ വിശപ്പടക്കാനുള്ള യന്ത്രം മാത്രമാണോ? എനിക്ക് പൊള്ളി. ആ രാത്രികളില്‍ ഞാന്‍ ഉറങ്ങിയിരുന്നില്ല. ഇന്നും പലപ്പോഴും, ചില നിമിഷങ്ങളില്‍ വീണ്ടും പൊങ്ങി വരും, വെറുതെ അലട്ടാനായി. അപ്പോഴൊക്കെ സ്വപ്‌നങ്ങള്‍ കാണാനുള്ള കഴിവ് എന്നില്‍ നിന്നും അകന്നു പോകുന്ന പോലെ ഭയപ്പെടും. ചൂടും ഉശിരുമുള്ള എന്റെ ഭക്തിയെ ഞാന്‍ ചേര്‍ത്ത് പിടിക്കും. കാരണം, പ്രത്യാശയോടെ നോക്കി കാത്തിരിക്കാന്‍ എനിക്കൊരു യാത്ര ബാക്കിയുണ്ട്. മഞ്ഞുകാലത്തെ കോച്ചുന്ന തണുപ്പിനും ആകാശം മൂടി ആര്‍ത്തു പെയ്യുന്ന മഴ ഉണ്ടാക്കുന്ന പ്രളയത്തിനും സൂര്യന്റെ ചൂടേറ്റ് വരണ്ട് ഉണങ്ങുമ്പോഴും എനിക്ക് കിടക്കാനൊരു കൂരയുണ്ട്. ആ പെണ്ണുങ്ങള്‍, അവരെ ആരറിയുന്നു?

LEAVE A REPLY

Please enter your comment!
Please enter your name here