കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം നടി നിമിഷ ചാലക്കുടിയുടെ ഫോട്ടോഷൂട്ടാണ്. പള്ളിയോടത്തിൽ ചെരുപ്പിട്ടുകയറി മതവികാരത്തെ വൃണപ്പെടുത്തി എന്നുള്ള ആക്ഷേപത്തിലാണ് നടിക്കെതിരെ സൈബർ അറ്റാക്ക് തുടരുന്നത്. ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും തനിക്കെതിരെ ഭീഷണി തുടരുകയാണെന്ന് കഴിഞ്ഞ ദിവസം നിമിഷയും പറഞ്ഞിരുന്നു.
ആരെല്ലാമാണ് ഫോണ്‍ വിളിക്കുന്നതെന്ന് അറിയില്ല. പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. എന്നിട്ടും ഭീഷണി തുടരുകയാണെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ നടിക്ക് പിന്തുണ അറിയിച്ചുകൊണ്ടെത്തിയിരിക്കുയാണ് നടൻ ഹരീഷ് പേരടി.
“അറിയാതെ പറ്റിയതാണെന്ന് ഒരു പെൺകുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും. പുരോഗമന കേരളത്തിലെ ഹിന്ദു താലിബാൻ അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ. സഖാവ് പിണറായിതന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്?.. അതോ ? തലച്ചോറ് സൈലന്റ് മോഡിലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാൻ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെ കമോൺ”, എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
തിരുവാറന്മുള പാർത്ഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നവരാണ് പള്ളിയോടങ്ങൾ. ഈ പള്ളിയോടങ്ങൾ സൂക്ഷിക്കുന്ന പള്ളിയോടപ്പുരകളിൽ പോലും പാദരക്ഷകൾ ഉപയോഗിക്കില്ല. ഒരു ക്ഷേത്രത്തിന് തുല്യമായ വിശുദ്ധിയോടെ ഒരു ജനത പരിപാലിക്കുന്ന പള്ളിയോടത്തിൽ അനുവാദമില്ലാതെയും ഷൂസ് ധരിച്ചും നിമിഷ കയറി എന്നായിരുന്നു ഉയർന്ന പരാതി.
ഷൂട്ടിനായി പോയപ്പോള്‍ ആണ് ഷെഡ്ഡില്‍ വള്ളം കിടക്കുന്നത് കണ്ടത്. പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. ഇതിൽ കയറാൻ പാടില്ലെന്നോ, ചെരുപ്പ് ഇട്ട് കയറരുത്, സ്ത്രീകൾ അതിൽ കയറരുതെന്നോ അറിയിപ്പ് നൽകുന്ന ഒരു വിവരവും അവിടെ ഉണ്ടായിരുന്നില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്.
ഇത് ഉപയോഗിക്കാറില്ലെന്നും പഴയ വള്ളമാണ്, പുതിയത് പണിയുകയാണെന്നുമാണ് താൻ പറഞ്ഞുകേട്ടതെന്നും കഴിഞ്ഞദിവസം നിമിഷ പ്രതികരിച്ചിരുന്നു.