പുതുച്ചേരിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ പ്രദീഷുമാണ് മരിച്ചത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്താണ് ദാരുണമായ സംഭവം നടന്നത്. ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍.
വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ സ്‌കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. പക്ഷേ, പ്രതീക്ഷിക്കാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈയരശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയു.