Home Celebrities Celebrity News പിഴ അടച്ച ദുരനുഭവം പങ്കുവെച്ച് നടൻ മണികണ്ഠൻ പട്ടാമ്പി…

പിഴ അടച്ച ദുരനുഭവം പങ്കുവെച്ച് നടൻ മണികണ്ഠൻ പട്ടാമ്പി…

0
പിഴ അടച്ച ദുരനുഭവം പങ്കുവെച്ച് നടൻ മണികണ്ഠൻ പട്ടാമ്പി…

താൻ പുറത്ത് പോയപ്പോൾ ധരിച്ചിരുന്ന മാസ്ക് 95 അല്ല എന്ന കാരണത്താൽ പിഴ ഈടാക്കിയ വിവരം വിശദീകരിച്ച് നടൻ മണികണ്ഠൻ. വീട്ടിൽ നിന്നും പച്ചക്കറി വാങ്ങാൻ പുറത്ത് പോയപ്പോൾ ആണ് ഡബിൾ മാസ്ക് വെച്ചില്ല എന്ന കുറ്റത്തിന് മണികണ്ഠനു പിഴ നൽകേണ്ടി വന്നത്. ഇങ്ങനെ മനുഷ്യരോട് കരുണ ഇല്ലാതെ പെരുമാറുമ്പോൾ ഇവർക്ക് എന്ത് ആനന്ദമാണ് ലഭിക്കുന്നത് എന്നാണ് മണികണ്ഠൻ ചോദിക്കുന്നത്;

പലതും നടപ്പിലാകുന്ന വഴി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോൾ പോലീസ് തടഞ്ഞു. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിയ്ക്കപ്പെടണം, സംശയമില്ല. സത്യവാങ്മൂലം എഴുതി കയ്യിൽ വച്ചില്ല എന്നതാണ് ചെയ്ത കുറ്റം. ശിക്ഷിയ്ക്കപ്പെടേണ്ട തെറ്റു തന്നെ. അതിലും എനിയ്ക്ക് തർക്കമില്ല. എന്നാൽ വീട്ടിൽ നിന്നും തൊട്ടടുത്ത കടയിലേയ്ക്ക് പച്ചക്കറി, വാങ്ങാൻ പോകുമ്പോൾ മേൽപ്പറഞ്ഞ സത്യവാങ്മൂലം കയ്യിൽ വേണമെന്നത് എന്തുകൊണ്ടോ എന്റെ ചെറിയ ബുദ്ധിയിൽ ധാരണയില്ലാതെ പോയി. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഇതൊക്കെ വളരെ വ്യക്തമായി, ദിവസേന അദ്ദേഹം തൊണ്ട കീറിപ്പറയുന്നത് നിങ്ങളെപ്പോലുള്ളവർക്ക് വേണ്ടിയാണെന്ന് തലയിൽ മുടില്ലാത്ത പോലീസുകാരൻ എന്നോട് കണ്ണുരുട്ടി.

താമസിയ്ക്കുന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്നതിന് ഇപ്രകാരം കുറിപ്പെഴുതന്നമെന്നൊന്നും മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹം തൊണ്ട കീറിയല്ല, വളരെ ശാന്തനായാണ് പറയുന്നതും. ഞാനെന്നും കാണാറുള്ളതല്ലേ പ്രതിരോധിയ്ക്കാനുള്ള ശ്രമമുണ്ട് എന്നായപ്പോൾ അയാൾ അടുത്ത കുറ്റം ആരോപിച്ചത് അതിവിചിത്രമായി തോന്നി താൻ കൂടുതൽ സംസാരിയ്ക്കണ്ട , ഡമ്പിൾ മാസ്ക് വേണ്ടതാണ് പൊറത്തെറങ്ങുമ്പൊ. ഇല്ലല്ലോ N95 ആണെന്ന് ഞാൻ. ‘N95. അതെഴുത്ത് മാത്രമേയുള്ളൂ” എന്നയാൾ. അത് ഞാനെഴുതിയതല്ല, എനിയ്ക്കതുണ്ടാക്കുന്ന വിധവും അറിഞ്ഞു കൂട.

ഇങ്ങനെ ശൂന്യനായി പ്രതികരിയ്ക്കുന്ന ഒരു മനുഷ്യനോട് സംസാരത്തിനേ പോകരുത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. പിഴപ്പണമായ അഞ്ഞൂറ് രൂപയും കൊടുത്ത് ഞാൻ തിരിച്ചു പോന്നു . അയൽക്കാരനായ ഒരാളുടെ കയ്യിൽ മേൽപ്പറഞ്ഞ സത്യവാങ്മൂലമുണ്ട് , പക്ഷേ അതിൽ ഫോൺ നമ്പർ എഴുതിയില്ലെന്ന കാരണം പറഞ്ഞ് അഞ്ഞൂറ് രൂപ എഴുതി വാങ്ങിയത്രേ. ദുരിതകാലത്ത് സർക്കാരിലേയ്ക്കുള്ള സംഭാവനയായി കരുതി ഞാൻ സമാധാനപ്പെട്ടു, അയാൾ ആ പണം മറ്റെന്തെങ്കിലും ആവശ്യത്തിനായി സ്വരുക്കൂട്ടി വച്ചതായിരുന്നോ ആവോ ഈ അടുത്ത ദിവസം എൺപതു വയസ്സിന് മേൽ പ്രായമുള്ള ഒരമ്മയോട് നിലമ്പൂരിലെ ഒരു വനിത പോലീസുദ്യോഗസ്ഥ പെരുമാറിയതിന്റെ വീഡിയോ ദൃശ്യം നമ്മിൽ ചിലരെങ്കിലും കണ്ട് കാണും.

പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവർ എന്താനന്ദമാണ് അനുഭവിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല. നല്ലതിന് വേണ്ടി മാത്രം പറയുന്ന കാര്യങ്ങളെ ഇങ്ങനെ കീഴ്മേൽ മറിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെയൊക്കെ നിയന്ത്രിയ്ക്കാൻ ആര് വരുമെന്ന് വേണം നമ്മൾ വിചാരിയ്ക്കാൻ നിരന്തരം ജനങ്ങളുമായി ഇടപെടുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെ അഹന്തയോടെയും, മനുഷ്യത്വമില്ലാതെയും പെരുമാറുന്നത് അതും ഈ ദുരിത കാലത്ത്, ഒട്ടും സഹിയ്ക്കാനേ കഴിയുന്നില്ല. സാർ, മാസാമാസം മുടങ്ങാതെ സർക്കാരു തരുന്ന ശമ്പളമുള്ളതുകൊണ്ട് നിങ്ങളുടെ ജീവിതം ഭദ്രമാണ്. ആശങ്കപ്പെടേണ്ട കാര്യമേയില്ല. അത് മഹാഭാഗ്യം എന്നാൽ ആ സുരക്ഷിതത്വബോധം ഒരു സാധുവിനെ അധിക്ഷേപിയ്ക്കാനുള്ള അധികാരത്തിന്റെ സപ്പോർട്ടായിട്ട് ദയവ് ചെയ്ത് കാണക്കാക്കരുത്.

കാരണം മഹാഭൂരിപക്ഷം വരുന്ന മനുഷ്യർ തൊഴിലെടുക്കാനാവാതെ ദുരിതമനുഭവിച്ച്, ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂൽപാലത്തിലൂടെയാണ് സഞ്ചരിയ്ക്കുന്നതെന്ന് ചിന്തിയ്ക്കുക. അങ്ങനെയുള്ള ദരിദ്രരായ ഞങ്ങളോട് ഒരല്പം കരുണയോടെ പെരുമാറുക. അപേക്ഷയാണ്. കൈ മെയ് മറന്ന് കർമ്മരംഗത്ത് മുഴുകിയിരിയ്ക്കുന്ന ആയിരക്കണക്കിന് വരുന്ന ഉദ്യോഗസ്ഥരെയും ഞങ്ങൾ കാണുന്നുണ്ട്. നിങ്ങളോടൊക്കെ ഞങ്ങൾക്ക് അങ്ങേയറ്റത്തെ നന്ദിയും ബഹുമാനവുമുണ്ട്. നിങ്ങളുടെയൊക്കെ തണലിൽ കഴിയുന്ന ഇത്തരം ആളുകളോട് ഇതൊന്നും പറയാതെ കഴിയില്ലല്ലോ മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ബാങ്കിൽ നിന്നും വിളി വരും, ലോൺ അടവിൻെറ കാര്യം പറഞ്ഞ് .

നാട് മുഴുവൻ അടച്ചു പൂട്ടിയിട്ട്, പുറത്തിറങ്ങരുതെന്ന നിയമം നിലനിൽക്കെ ബാങ്കിലെ അടവ് മുടക്കം കൂടാതെ അടച്ചു കൊണ്ടുപോകാൻ പറയുന്നതിന്റെ യുക്തിയൊന്നും ചെറിയ ബുദ്ധിയുള്ള ഞങ്ങളുടെ ആലോചനകളിൽ തെളിയുന്നില്ല. ബാങ്ക് കാരോട് ഇങ്ങനെ തുടരെ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് പറയണം. പാവങ്ങളാണ്, പേടിച്ച് വല്ലതും ചെയ്ത് പോവും. പുറത്തിറങ്ങാവുന്ന സമയം വരട്ടെ, ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാവട്ടെ, അവരടച്ചോളും, ഇല്ലെങ്കിൽ ജപ്തി ചെയ്തു കൊണ്ടു പൊയ്ക്കോളൂ ആർക്കും അഭിമാനക്ഷതമുണ്ടാകേണ്ട കാര്യമില്ല, കാരണം മഹാമാരി നമ്മുടെയൊന്നും സൃഷ്ടിയല്ലല്ലോ അല്ലാതെ ഇത്തരം പിടിച്ചുപറികളും, ശല്ല്യപ്പെടുത്തലും കൂടിക്കൂടി വന്നാൽ ആളുകൾ കൂട്ടത്തോടെ ചാവും.

ഇന്നലെ ഒരച്ഛനും, അമ്മയും, അവരുടെ പൊന്നുമോളും ആത്മഹത്യ ചെയ്തത് നാം കണ്ടതാണ്ക രുണ കാണിയ്ക്കുക. ഉദ്യോഗസ്ഥരോട് മര്യാദ മറക്കരുതെന്ന് പറയുക. എല്ലാവരും മനുഷ്യരല്ലേ ഈ കുറിപ്പ് കൊണ്ട്, ആർക്കെലും ഏതെങ്കിലും തരത്തിൽ പ്രയോജനമുണ്ടാകുമെന്നൊന്നും കരുതി എഴുതിയതല്ല. മനസ്സിലെ തോന്നലുകൾ നിങ്ങളുമായി പങ്കുവെയ്ക്കുക എന്ന ഒറ്റ ഉദ്ദേശമേ ഇതിനുള്ളൂ. വേറൊരു കാര്യം, പ്രതിരോധ വ്യായാമം നാളെ മുതൽ ആരംഭിയ്ക്കാമെന്ന് വിചാരിയ്ക്കുന്നു. അതും വെറുതെ എഴുതുന്നതാണ്. ഞാനെന്നെ കാണുന്നത് നിങ്ങളോട് പറയുന്നു. അങ്ങനെയേ കരുതാവൂ. വായിയ്ക്കുമല്ലോ നാളെ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here