പിന്നിൽ വന്ന് കണ്ണ് പൊത്തി കളി ആഘോഷം ഒക്കെ ലിംഗ സമത്വം അല്ല, ലൈംഗിക ദാരിദ്ര്യം; കുറിപ്പ്

പ്രവീൺ പ്രഭാകറിന്റെ ഫേസ്ബുക് പോസ്റ്റ്; വർഷങ്ങൾക്ക് മുമ്പ് ഏതാണ്ട് 2003 ലാണ് സാനിയ മിർസ എന്ന നമ്മുടെ അഭിമാന താരം ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു തുടങ്ങിയത്. അന്നേ വരെ കായിക രംഗത്ത് മറ്റൊരു വനിതക്കും കിട്ടാത്ത ആരാധക വൃന്ദം ചുരുങ്ങിയ കാലം കൊണ്ട് അവർക്ക് ലഭിച്ചു. സാനിയ പതിയെ ഇന്ത്യൻ യുവതയുടെ പ്രത്യേകിച്ച് ആൺകുട്ടികളുടെ ‘ഹരമായി’ മാറാൻ അധിക കാലം വേണ്ടി വന്നില്ല. പാപ്പരാസി കൂട്ടം അവരുടെ ടെന്നീസ് കോർട്ടിലെ പ്രകടനത്തേക്കാൾ പുറത്തുള്ള ജീവിതം ആഘോഷിച്ചു.

ഇപ്പോഴും ഓർക്കുന്നു ഏതോ ഒരു മത്സരത്തിലെ റിട്ടേൺ ഷോർട്ടിന്റെ അയാസത്തിൽ ടി ഷർട്ട്‌ ഉയർന്ന നിലയിലുള്ള സാനിയയുടെ ചിത്രങ്ങൾ അന്നത്തെ സ്പോർട്സ് കോളങ്ങളും മാഗസിനുകളും എത്രത്തോളം പ്രചാരം കൊടുത്തുവെന്ന്. അവരുടെ സ്പോർട്സിനോടുള്ള അഭിനിവേശത്തേക്കാളും, അതിന് വേണ്ടിയുള്ള കഷ്ടപാടുകളെക്കാളും ഇന്ത്യക്കാർ സംസാരിച്ചത് ഒരുപക്ഷെ അവരുടെ സൗന്ദര്യത്തെയും അഴകളവുകളെയും പറ്റി തന്നെയാണ്. അവിടെ ഒരിക്കൽ പോലും അവരുടെ പ്രൊഫഷനോ മെറിറ്റൊ പോലും 90%ആളുകളെ ബാധിക്കുന്ന വിഷയമേ അല്ലായിരുന്നു.

സ്മൃതി പരുത്തിക്കാട് എന്ന വാർത്ത അവതാരിക അവരുടെ സമകാലീന അവതാരകമാരെ അപേക്ഷിച്ചു നോക്കുമ്പോൾ ശരാശരി മാത്രമാണ്. പക്ഷെ കാഴ്ചക്കാരുടെ കണ്ണിൽ സ്‌മൃതിയുടെ മേറിറ്റ് അവരുടെ സൗന്ദര്യം മാത്രമായിരുന്നു. അത്‌ കൊണ്ട് തന്നെ അവരുടെ ‘പിന്നിൽ വന്ന് കണ്ണ് പൊത്താൻ’ യുവാക്കളുടെ നിര തന്നെയായിരുന്നു. അവിടെയും അവരുടെ പ്രൊഫഷനോ നിലവാരമോ ഒന്നും സൗന്ദര്യരാധകരെ ബാധിക്കുന്ന വിഷയമേ ആയിരുന്നില്ല. ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് സ്മൃതി മന്ദന എന്ന ക്രിക്കറ്ററുടേതും. അവർ മികച്ച, പ്രതിഭയുള്ള കായിക താരം തന്നെയാണ്.

പക്ഷെ ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ മറ്റൊരു നിലയിൽ എത്തിക്കാൻ ആവുന്ന സേവനം ചെയ്ത മിതാലി രാജിനെ ആഘോഷിക്കാത്ത യുവത മന്ദനയിൽ കണ്ടത് വെറും ക്രിക്കറ്റ്‌ മാത്രമായിരുന്നില്ല. മിതാലിയും മന്ദനയും തമ്മിലുള്ള വ്യത്യാസം ക്രിക്കറ്റുമായിരുന്നില്ല എന്ന് എല്ലാവർക്കുമറിയാം. ഇതേ നാട്ടിലാണ് വിക്ടർസ് ചാനലിൽ ഓൺലൈൻ ക്ലാസിനു നീല സാരി ഉടുത്തു വന്ന ഒരു അധ്യാപികയുടെ പേരിൽ 12 മണിക്കൂറിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ ‘Blue teacher’ എന്ന പേരിൽ മാത്രം അനവധി അക്കൗണ്ടുകളിലായി അവരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

കൊച്ചു കുട്ടികളെ പഠിപ്പിക്കാനായി വന്ന അവരുടെ ചിത്രങ്ങളുടെ താഴെ കേട്ടാൽ അറക്കുന്ന രീതിയിലുള്ള കമെന്റുകൾ വന്നത് ആരും മറന്നു കാണില്ല. അങ്ങനെ പ്രൊഫഷൻ ഏതുമാകട്ടെ, പൊതുബോധത്തിന്റെ അഴകളവുകളുടെ പരിധിയിൽ വന്നാൽ അവൾ പിന്നെ വെറും പെണ്ണാണ്. അവളിൽ പിന്നീട് ഭൂരിപക്ഷം കാണുന്നത് അവളുടെ ശരീരം മാത്രമാണ്.
ഇങ്ങനെ നീണ്ടു പോകുന്ന നിരയിലെ അടുത്ത ഇരകളാണ് വാർഡ് തല ഇലക്ഷനിലെ പ്രതിനിധി സ്ഥാനാർഥികളായ സ്ത്രീകൾ. കേട്ടാൽ തമാശ എന്ന് തോന്നിയെക്കാവുന്ന രീതിയിൽ പറഞ്ഞാൽ പോലും അതിലെ ഉള്ളടക്കം അതേ ലൈംഗിക ദാരിദ്ര്യം തന്നെയാണ്. ഇവിടെ അവരുടെ പശ്ചാത്തലമോ മെറിറ്റൊ പാഷനോ ആരും സംസാര വിഷയമാക്കില്ല. മറിച്ചു പൊതു ബോധത്തെ ആകർഷിക്കുന്നത് അവരുടെ ‘സൗന്ദര്യവും’ ആകാര ഭംഗിയും മാത്രമാണ്.

126060957 1649955665177518 5410504413123566974 n

സ്ത്രീകളുടെ സമ്പന്നമായ പ്രാതിനിധ്യം കൊണ്ട് ചരിത്രമാകാൻ പോകുന്ന ഒരു തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. രാഷ്ട്രീയ രംഗത്ത് മാത്രമല്ല, എല്ലാ രംഗത്തും സ്ത്രീകൾ മുന്നിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാലഘട്ടവുമാണ് നമ്മുടേത്. എന്നിട്ടും ഇപ്പോഴും സ്ത്രീകളെ അഭിസംബോധന ചെയ്യണമെങ്കിൽ, അവരെ സ്വീകരിക്കണമെങ്കിൽ, അവരെ ഇഷ്ടപെടണമെങ്കിൽ, അവരെ ബഹുമാനിക്കണമെങ്കിൽ സൗന്ദര്യം എന്ന ഘടകം മാത്രമാണെങ്കിൽ അതിന്റെ പേര് ലിംഗ സമത്വം എന്നല്ല, ലൈംഗിക ദാരിദ്ര്യം എന്ന് തന്നെയാണ്. നമുക്കവരുടെ രൂപത്തെക്കാളുപരി കഴിവിനെ പറ്റി സംസാരിക്കാം, ആഗ്രഹങ്ങളെ പറ്റി അറിയാം, വിജയത്തെ പറ്റി പരാമർശിക്കാം, മെറിറ്റ് മാത്രം അളവുകോലാക്കാം. കണ്ണ് പൊത്തി കളിച്ചും ‘കുട്ടൂസ്’ എന്ന് വിളിച്ചും അവരുടെ വിജയങ്ങളെ നിങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കരുത്.

125885748 1649955725177512 581195660473568552 n
125862616 1649955598510858 6806729577115630006 n
Previous articleനിറവയറുമായി നൃത്തം; വിമർശിച്ചവർക്ക് കിടിലൻ മറുപടിയുമായി പാർവതി കൃഷ്ണ!
Next articleലോക് ഡൗണിൽ 42 ലീറ്റർ മുലപ്പാൽ ദാനം ചെയ്ത് മറ്റ് കുഞ്ഞുങ്ങളുടെ വിശപ്പകറ്റിയ യുവതി.!

LEAVE A REPLY

Please enter your comment!
Please enter your name here