നടൻ ശശി കലിംഗയുടെ വിയോഗത്തിൽ അനുശോചനകുറിപ്പുമായി അദ്ദേഹം ഒടുവിലായി അഭിനയിച്ച സിനിമയുടെ സംവിധായകൻ രാജു ചന്ദ്ര. ഷൂട്ടിങിനിടെ ശശി കലിംഗ പറഞ്ഞ രസകരമായ ഒരു നർമകഥ തിരക്കഥയായി എഴുതി സിനിമയാക്കാൻ ഇരിക്കുകയായിരുന്നുവെന്നും ആ വാക്ക് പാലിക്കാതെയാണ് അദ്ദേഹം യാത്രയായതെന്നും രാജു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്.
ഇന്ന് ഏപ്രിൽ 7, 2020… കോഴിക്കോട്. രാവിലെമുതൽ കാണുന്ന കനത്ത മഴയാണ്… ശശിയേട്ടന്‍റെ ചുമയുടെ ഇടക്കുള്ള ചിരിയുടെ മിന്നൽ ശകലങ്ങൾ, അത് കാതിൽ മുഴങ്ങി.. നെഞ്ചിൽ അലക്കുന്നു.
നാടകങ്ങളിലെ പോലീസ് വേഷം, ഉത്സവപറമ്പുകളിൽ സ്റ്റേജിൽ മുഴങ്ങുന്ന ശശിയേട്ടന്‍റെ ഡയലോഗ്, ആരാധനയോടെ കണ്ടു നിന്ന നാളുകളെന്ന് എഴുതികൊണ്ടാണ് രാജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ജിമ്മിയുടെ ഷൂട്ടിംഗ് സമയത്ത്. മാർപാപ്പയും ഹോളിവുഡ് സിനിമയിലെ അനുഭവങ്ങളും ചേർത്ത് പറഞ്ഞ രസകരമായ നർമകഥ, ” താനിത് എഴുതി സംവിധാനം ചെയ്യേഡോ. കാശൊക്കെ നമുക്ക് ഒപ്പിക്കാം. ഉം… ” ദുബായിൽ ജിമ്മി ഷൂട്ടിനിടക്ക് തന്ന വാക്ക്, ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിൽ ഡബ്ബിങ് വന്നപ്പോഴും ആവർത്തിച്ചു ആഗ്രഹം. എഴുതി തീർത്താൽ വായിച്ചു കേൾക്കാൻ നിക്കാതെ.. വാക്കു പാലിക്കാതെ.. തിരക്കുപിടിച്ചു.. മഴയത്തു.. പാതി വെച്ച് ഇറങ്ങി പോയല്ലോ ശശിയേട്ടാ… പ്രണാമം.. എന്നാണ് രാജു ഫേസ്ബുക്കിൽ തന്‍റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്
കരൾ രോഗത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു ശശി കലിംഗയുടെ അന്ത്യം സംഭവിച്ചത്. നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ശശി കലിംഗ.