ലോക്ഡൗൺ കാലത്തെ പരീക്ഷ പലകുട്ടികളെയും ആശങ്കപ്പെടുത്തി.എക്സാം ഹാളിലേക്ക് എങ്ങനെ എത്തുക എന്നത് പ്രധാന പ്രശ്നം തന്നെയായിരുന്നു.കുട്ടനാടുകാരി സാന്ദ്രയും അത് തന്നെ നേരിട്ടു.എന്നാൽ അതിന് സർക്കാർ താങ്ങായി നിന്നു.കാഞ്ഞിരം എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് സാന്ദ്ര. കോവിഡ് ലോക്ഡൗണിനിടയിലും പരീക്ഷ നടത്താനുള്ള തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോയപ്പോൾ സാന്ദ്രയ്ക്ക് ആശങ്കയായി. ബോട്ട് സർവീസ് ഇല്ലെങ്കിൽ സാന്ദ്രയുടെ പരീക്ഷ എഴുത്ത് മുടങ്ങും.ആ സാഹചര്യത്തിലാണ് പരീക്ഷ എഴുതാൻ പോകാൻ കോട്ടയത്തേക്ക് സാന്ദ്രയ്ക്കായി മാത്രം ബോട്ട് സർവീസ് നിയമിച്ചു.ദിവസവേതനക്കാരായ മാതാപിതാക്കൾക്ക് മകളെ പരീക്ഷയ്ക്കായി കോട്ടയത്തെത്തിക്കാൻ മറ്റു മാർഗങ്ങളും ഉണ്ടായിരുന്നില്ല.
ആശങ്ക അറിയിച്ച് സാന്ദ്ര ജലഗതാഗത വകുപ്പിനെ സമീപിച്ചു. ഒരാൾക്ക് വേണ്ടി മാത്രം ബോട്ടോടിക്കാൻ വകുപ്പ് തയ്യാറാകുമെന്ന യാതൊരു പ്രതീക്ഷയും സാന്ദ്രയ്ക്ക് ഉണ്ടായിരുന്നതുമില്ല. എന്നാൽ സാന്ദ്രയെ ഞെട്ടിച്ചു കൊണ്ട് വകുപ്പ് ആ തീരുമാനം എടുത്തു. 70 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് തന്നെ സാന്ദ്രയ്ക്കായി വകുപ്പ് തയ്യാറാക്കി.സാന്ദ്രയുടെ പരീക്ഷാ ദിവസം രാവിലെ വിദ്യാർത്ഥിക്കായി ബോട്ട് ജെട്ടിയിലെത്തി.സാന്ദ്രയെ സ്കൂളിലെത്തിച്ചു. പരീക്ഷയെഴുതി സാന്ദ്ര മടങ്ങിയെത്തുവോളം സ്രാങ്കും ബോട്ട് മാസ്റ്ററും രണ്ട് സഹായികളും കാത്തുനിന്നു. സാധാരണ ഈടാക്കുന്ന ചാർജ് മാത്രം ഈടാക്കി. സാന്ദ്രയെ തിരികെ വീട്ടിലെത്തിച്ച് അവർ മടങ്ങുകയുണ്ടായി.ഇവർ കാണിച്ച ഈ മനസിന് സാന്ദ്രയും കുടുംബവും നന്ദി അറിയിച്ചു.