ഇന്ത്യന്‍ പ്രണയകഥയില്‍ പോലീസ് ലാത്തി വീശാന്‍ വരുമ്പോള്‍ ഫഹദ് ഫാസില്‍ ഓടുന്ന രംഗത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ ഈ രംഗത്തിന്റെ പിറവിക്ക് പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് നടന്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ഫഹദ് മനസ്സുതുറന്നത്. ഒരു പാട്ട് രംഗം ചിത്രീകരിക്കുമ്പോള്‍ ഞാനും ഇന്നസെന്റേട്ടനും സമരത്തിന്റെ മുന്‍നിരയില്‍ നടന്നുപോകുകയാണ്. പോലീസ് ലാത്തിവീശാന്‍ വരുമ്പോള്‍ ഞാന്‍ കീശ പൊത്തിപ്പിടിച്ച് ഓടുന്ന ഒരു ഓട്ടമുണ്ട്. ഏറെ അഭിനന്ദനങ്ങള്‍ കിട്ടിയ സീനാണത്.
അതും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒന്നായിരുന്നില്ല. രാവിലെ സത്യേട്ടന്‍ (സത്യന്‍ അന്തിക്കാട്) വേണുച്ചേട്ടനോട് ഫഹദ് ഓടുന്ന സീനാണ് ചിത്രീകരിക്കേണ്ടതെന്ന് പറഞ്ഞു. അപ്പോള്‍ വേണുച്ചേട്ടന്‍ പറഞ്ഞു. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഫാസില്‍ ഓടിയ ഒരു ഓട്ടമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് പഠിക്കുന്ന സമയം. അന്ന് ഫാസില്‍ ബസ് കൂലി ഇല്ലാതെ വീട്ടില്‍നിന്ന് ഇറങ്ങില്ല. ഷര്‍ട്ടിന്റെ കീശയിലാണ് ഈ കാശ് സൂക്ഷിക്കുക. ഞാനും ഫാസിലും ഇ.സി. തോമസുമെല്ലാം കൂടി ഒരു ദിവസം തിരുവനന്തപുരം കാണാന്‍ പോകാന്‍ പദ്ധതിയിട്ടു. ഫാസിലിന് ആദ്യമേ ഒരു താത്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു.
അങ്ങനെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. കുറച്ചുദൂരം ചെന്നപ്പോള്‍ തനിക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഫാസില്‍ കാര്‍ നിര്‍ത്തിപ്പിച്ചു. കാറില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍ പോയ ഫാസിലിനെ കാണാതെ ഇരുന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങി നോക്കി. അപ്പോള്‍ നാട്ടിലേക്കുള്ള ബസിന് പിന്നാലെ ഓടുകയാണ്. കാശ് വീഴാതിരിക്കാന്‍ കൈകൊണ്ട് കീശ പൊത്തിപ്പിടിച്ചിട്ടുണ്ട്.” സത്യേട്ടന്‍ എന്നോട് വന്ന് ഈ സംഭവം പറഞ്ഞു. അങ്ങനെയാണ് കീശ പൊത്തിപ്പിടിച്ച് ഓടാം എന്ന തീരുമാനം വന്നത്. ഫഹദ് വ്യക്തമാക്കി.