“ജയേട്ടന്‍ മരിച്ചതായി ഞാന്‍ കരുതിയിട്ടില്ല, കാരണം മരിച്ചു കിടക്കുന്ന ജയേട്ടനെ ഞാന്‍ കണ്ടിട്ടില്ല. നാല്‍പതു വര്‍ഷമായി ഞാന്‍ ഇതേക്കുറിച്ചു തന്നെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ ചരമ ദിനത്തിനായി എനിക്കൊന്നും പറയാനില്ല. എന്നെ സംബന്ധിച്ചിടത്തോളം ജയേട്ടന്‍ എവിടെയോ ജീവിച്ചിരിക്കുന്നു. ജയന്‍ എന്ന പൌരുഷത്തിന്റെ ആള്‍രൂപമായ സൂപ്പര്‍താരം അകാലത്തില്‍ വിടപറഞ്ഞിട്ട് നാല്പതു കൊല്ലമാകുമ്പോള്‍ ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ മനോരമ ഓണ്‍ലൈനിനോട് പങ്കുവയ്ക്കുകയാണ് പ്രിയതാരം സീമ.
മലയാളികളുടെ എക്കാലത്തെയും സൂപ്പര്‍ താരജോഡികളായിരുന്നു ജയനും സീമയും. ജയനാണ് നായകനെങ്കില്‍ നായിക സീമ തന്നെയായിരിക്കും എന്ന് മലയാളികള്‍ക്ക് ഉറപ്പായിരുന്നു അല്ലെങ്കില്‍ അങ്ങനെ തന്നെ ആകണം എന്ന് ആഗ്രഹിച്ചിരുന്നു. സൂപ്പര്‍താര പദവിയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ഒരു സിനിമ ഷൂട്ടിങ്ങിനിടെ അപകടത്തില്‍പെട്ട് ജയന്‍ വിടപറഞ്ഞത്. അതിനു മുന്‍പോ ശേഷമോ ജയനോളം മലയാളികള്‍ ഇഷ്ടപ്പെട്ട മറ്റൊരു താരം ഉണ്ടായിട്ടില്ല. നവംബര്‍ 16-ന് ജയന്‍ വിടപറഞ്ഞു നാല്പതുകൊല്ലം തികയുമ്പോള്‍ പ്രിയ നായിക ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്.
“മലയാളികള്‍ ജയേട്ടനെ ഇന്നും സ്നേഹത്തോടെ ഓര്‍ക്കുന്നു എന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹം ജീവിച്ചിരിരുന്നെകില്‍ പോലും ഇര്രത്തോളം അംഗീകാരം കിട്ടുമോ എന്ന് സംശയമാണ്. ഇപ്പോഴും എല്ലാ മാധ്യമങ്ങളിലും ജയേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹം മരണപ്പെട്ടതായി ഞാന്‍ ചിന്തിച്ചിട്ടുപോലും ഇല്ല കാരണം മനസ്സില്‍ ഉള്ളത് എല്ലാവരോടും സ്നേഹപൂര്‍വം സംസാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ജയേട്ടന്റെ മുഖമാണ് ജയേട്ടന്റെ മൃതദേഹം കൊല്ലത്ത് എത്തിച്ചപ്പോള്‍ കാണാനായി ഞാന്‍ ശശിയേട്ടനോടൊപ്പം പോയിരുന്നു, പക്ഷേ പകുതിവഴിക്ക് വച്ച് യാത്ര നിര്‍ത്തി. ജീവനറ്റ ആ മുഖം നി കാണേണ്ട, നിന്റെ മനസ്സിലുള്ള ജയേട്ടനല്ല ഇപ്പോ ഇവിടെ ഉള്ളത്, നിന്റെ മനസ്സിലുള്ള ജയേട്ടന്‍ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന്
ശശിയേട്ടന്‍ പറഞ്ഞു, അങ്ങനെ ഞാന്‍ ജയേട്ടന്റെ മൃതശരീരം കാണാതെ മടങ്ങി. അത് ഒരു കണക്കിന് നന്നായി, എന്റെ മനസ്സില്‍ എപ്പോഴും ഉള്ളത് ഈര്‍ജ്ജസ്വലനായി ഓടിനടക്കുന്ന ജയേട്ടനാണ്. അതുകൊണ്ടു തന്നെ എനിക്ക് അദ്ദേഹം മരിച്ചതായി തോന്നിയിട്ടില്ല, എവിടെയോ ജീവിച്ചിരിക്കുന്നു. ഇപ്പോഴും അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ആദരം കണ്ടു എനിക്ക് അദ്ഭുതവും സന്തോഷവുമാണ്. സീമ പറയുന്നു.
“ജയേട്ടന്‍ നിര്‍മാതാവിന്റെ ആര്‍ട്ടിസ്‌റ്റായിരുന്നു. നിര്‍ാമതാക്കളെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല. നല്ല ഒരു വ്യക്തിയായിരുന്നു ജയേട്ടന്‍, ഒരുപക്ഷേ എളുപ്പം പോകാന്‍ ഉള്ളതുകൊണ്ടായിരിക്കും അദ്ദേഹം അത്ര നല്ല മനുഷ്യന്‍ ആയത്. എല്ലാവരോടും സ്നേഹത്തോടയും സന്തോഷത്തോടെയും പെരുമാറും. എല്ലാവര്‍ക്കും നല്ലതേ പറയാനുള്ളു. എല്ലാവരോടും നല്ല സ്നേഹമായിരുന്നു, ചിരിച്ചു മാത്രമേ ജയേട്ടനെ കണ്ടിട്ടുള്ളു. കഥാപത്രത്തിന് വേണ്ടി എത്ര കഷ്ടപ്പെടാനും ഒരു മടിയുമില്ല. അത് തന്നെയാണ് ആ ദുരന്തത്തിന് കാരണവും. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ശശിയേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. കളിപ്പിക്കുകയാണ് എന്നാണു കരുതിയത്. പിന്നീട് ശ്രീകുമാരന്‍ തമ്പി സാറാണ് എന്നോടത് പറഞ്ഞത്.
വിടപറഞ്ഞു നാല്‍പ്പതു വര്‍ഷങ്ങള്‍ തികയുമ്പോഴും മലയാളിയുടെ മനസ്സില്‍ പൌരുഷത്തിന്റെ പ്രതീകമായി അപരന്മാരില്ലാതെ ജയന്‍ ജീവിക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിടപറഞ്ഞ ജയന്‍ നിത്യ ഹരിത നായകനായി ഇന്നും നമുക്കൊപ്പം എവിടെയോ ഉണ്ടെന്ന് സീമയെപ്പോലെ ഓരോ മലയാളിയും കരുതുന്നു. ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ പകരം വയ്ക്കാന്‍ ആളില്ലാത്ത അതികായനായി മാറുമായിരുന്നു അദ്ദേഹം. ജയന്‍ ഇരുന്ന സിംഹാസനം പകരക്കാരില്ലാതെ ഇന്നും തുടച്ചു മിനുക്കി മലയാള സിനിമ കാത്തുസൂക്ഷിക്കുന്നത് അദ്ദേഹത്തോടുള്ള അടങ്ങാത്ത സ്നേഹത്തിന് ദൃഷ്ടാന്തമാണ്.