നന്ദു മഹാദേവയുടെ ഫേസ്ബുക് പോസ്റ്റ്;
ഈ മലയാള നാട്ടിലെ ഈ വർഷത്തെ ഏറ്റവും ഊർജ്ജം നിറഞ്ഞ നല്ല ഉശിരൻ പുതുവത്സരാശംസകൾ എന്റെ വകയാണ് ചങ്കുകളേ..! ഒന്നും രണ്ടുമല്ല തുടർച്ചയായി നാനൂറ് ദിവസം ശക്തമായ കീമോയും കൂടെ ബോണസായി പതിനഞ്ച് ഹൈ ഡോസ് റേഡിയേഷനും എടുത്തിട്ടും ഉഷാറായി ചിരിച്ചുകൊണ്ട് ഇത്രയും കരുത്തോടെ ഇതുപോലെ കട്ടയ്ക്ക് നിന്ന് ആശംസിക്കുന്ന ഇങ്ങനെയൊരു പുതുവത്സരാശംസകൾ വേറെ ഒരിടത്ത് നിന്നും ന്റെ ഹൃദയങ്ങൾക്ക് കിട്ടാൻ സാധ്യതയില്ല..!! കഴിഞ്ഞ ഒരു വർഷമായി പൊതിക്കാത്ത തേങ്ങയുടെ അത്രയും വലിപ്പമുള്ള ഒരു ട്യൂമറും നെഞ്ചിനുള്ളിൽ വച്ചിട്ടാണ് ഞാനിങ്ങനെ ആടിയും പാടിയും ന്റെ പ്രിയപ്പെട്ടവർക്കിടയിലൂടെ കൂൾ ആയി നടക്കുന്നത്…! ഈ പുതുവർഷത്തിൽ എനിക്ക് പറയാനുള്ളതും അതാണ്.. എന്തൊക്കെ നമുക്ക് ചുറ്റും സംഭവിച്ചാലും നമ്മൾ കൂൾ ആയിരിക്കണം..!
ഈക്കഴിഞ്ഞ ഡിസംബർ 23 ന് ഞാൻ കോവിഡ് പോസിറ്റീവ് ആയി… ഇന്ന് നെഗറ്റീവും ആയി.. ഈ ശരീരവും കൊണ്ട് കൊറോണയെക്കൂടി തോൽപ്പിച്ചു വിജയം നുകർന്നു കൊണ്ടാണ് ഈയുള്ളവന്റെ ഈ വർഷം ആരംഭിക്കുന്നത്..!! എന്ത് വന്നാലും അത്രമേൽ പ്രണയത്തോടെ കയ്യിലുള്ള ജീവിതം ജീവിക്കാൻ കച്ചകെട്ടി ഇറങ്ങുന്നവർക്ക് മുന്നിൽ എന്ത് കൊറോണ എന്ത് ക്യാൻസർ…. കൊഴിഞ്ഞു വീഴുന്ന ഈ വർഷം ഞാനെന്തോരം നരക യാതനകളിൽ കൂടി കടന്നുപോയി എന്നതിന് കയ്യും കണക്കുമില്ല.. അരക്കിൽ ഒട്ടിപ്പിടിച്ച ഈച്ചയുടെ അവസ്ഥയാണ് എന്റേത്.. രക്ഷപെടാൻ വേണ്ടി കുതറുമ്പോൾ എവിടെയൊക്കെ അനങ്ങുന്നുവോ അവിടെയൊക്കെ ഒട്ടിപിടിക്കും.. ഒടുവിൽ ആ ഭാഗം നഷ്ടപ്പെടുകയും ചെയ്യും..! എന്തൊക്കെ സംഭവിച്ചാലും തളരരുത്.. ചുറ്റും എത്ര ഇരുട്ടാണെങ്കിലും ഭയക്കരുത്.. പിന്നോട്ട് നടക്കരുത്…ഇത് ജീവിതമാണ്.. എന്തും സഹിച്ചു മുന്നോട്ട് നടക്കണം.. ഒത്തിരി വേദന തിന്നവർക്കല്ലേ ചുറ്റുമുള്ളവരുടെ വേദനകൾക്ക് മരുന്നാകാൻ കഴിയുള്ളൂ…
എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം എന്റെ കാര്യങ്ങൾക്ക് തീരുമാനങ്ങൾ ആകുന്ന വർഷമാണ്.. ഇനിയെത്ര സർജറിയെന്നും ഇനിയെത്ര കാലമെന്നും ഒക്കെ നടപടിയാകേണ്ട വർഷം.. ഒരു കാര്യം ഉറപ്പ്.. ജീവിക്കുവാണേൽ ധീരനായി തന്നെ ജീവിക്കും.. മരിക്കുവാണേൽ വീരനായി സന്തോഷത്തോടെ മരിക്കും.. ഏകാത്മകത എന്നൊരു അവസ്ഥയുണ്ട്.. അങ്ങനെ ഒരവസ്ഥയിൽ നമ്മളെത്തുമ്പോൾ അവിടെ ഞാനില്ല നമ്മളാണ്..ഞാനും നീയും എല്ലാം ഒന്നാണ്..ആ ഒന്നിന്റെ അംശമാണ്… ഒറ്റ വ്യത്യാസം മാത്രമേ നമ്മൾ ഈ ഭൂമിയിലെ സകല ചരാചരങ്ങളും തമ്മിലുള്ളൂ… വ്യത്യസ്ത വീക്ഷണകോണുകളിൽ ഇരുന്നു ഈ ജീവിതത്തെ അഥവാ ഈ പ്രപഞ്ചത്തെ അനുഭവിക്കുന്നു എന്നത് മാത്രമാണത്… നാമോരോരുത്തരും ഈ ഭൂമിയിലെ ഒരു ജീവി എന്നതിലുപരി നമ്മൾ തന്നെയാണ് ഈ പ്രപഞ്ചം എന്ന ആ തിരിച്ചറിവാണ് സത്യം… അങ്ങനെയുള്ളപ്പോൾ എന്റെ വേദനകൾ നിങ്ങളുടെയും വേദനകളാണ്..എന്റെ സന്തോഷങ്ങൾ നിങ്ങളുടെയും ആണ്..അതുപോലെ തന്നെ എന്റെ ഓരോ വിജയവും നിങ്ങളുടേത് കൂടിയാണ്….!! തിരിച്ചും അങ്ങനെ തന്നെ…!
കഴിഞ്ഞ വർഷം ഒത്തിരി നഷ്ടങ്ങളും ഒപ്പം ഒരു കൂട്ടം തിരിച്ചറിവുകളും നമുക്ക് സമ്മാനിച്ചു മടങ്ങുകയാണ്… ശുഭാപ്തി വിശ്വാസവും പ്രതീക്ഷകളും ജീവിതത്തോടുള്ള താത്പര്യവുമാണ് നല്ല ഭാവിയുടെ ‘അമ്മ.. നമുക്കെല്ലാവർക്കും സുന്ദരമായ ഒരു വർഷമാകട്ടെ ഇതെന്ന് ആശംസിച്ചു കൊണ്ട് ഞാനെന്റെ വാക്കുകൾ ചുരുക്കുന്നു… ഹാപ്പി ഹാപ്പിയേയ് ! ഹാപ്പി ന്യൂ ഇയർ ! NB : കയ്യിലെന്താണ് വാട്ടർ ബോട്ടിൽ ആണോ എന്നുള്ള കമന്റ് നിരോധിച്ചിരിക്കുന്നു.. നല്ല ഒറിജിനൽ കീമോ മരുന്നാണ്.. അതിങ്ങനെ കേറിക്കൊണ്ടിരിക്കുമ്പോഴും നമ്മളിങ്ങനെ ചിരിച്ചുകൊണ്ട് പൊരുതും.. പുകയരുത് അങ്ങട് ജ്വലിക്കട്ടെ 2021 ! സ്നേഹപൂർവ്വം നന്ദു !