സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ രൂക്ഷമായ പ്രതികരണവുമായി നടി താര കല്യാണ്‍. താരയുടെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ച ആള്‍ക്കെതിരേയാണ് താര രംഗത്ത് വന്നിരിക്കുന്നത്.
താര കല്യാണിന്റെ വാക്കുകള്‍; “ഞാന്‍ ആരാണെന്ന് മനസ്സിലായി കാണുമല്ലോ. ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതിയാകും ഇങ്ങനെ ചെയ്യുന്നത്. ഭഗവാന്‍ മാത്രമേ എനിക്ക് വേണ്ടി ചോദിക്കാനുള്ളൂ. പറയാനുള്ളത് മറ്റൊന്നുമല്ല. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ എന്റെ ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. അതിന്റെ താഴെ കമന്റിട്ട് ആസ്വദിക്കുന്നവരുമുണ്ട്. എന്നാല്‍ ആ ചിത്രത്തിന്റെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമോ,
എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ കല്യാണത്തിന്റെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമെടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ? നിനക്കുമില്ലേ വീട്ടില്‍ ഒരു അമ്മയൊക്കെ. നിന്നെയൊക്കെ ഇങ്ങനെയാണോ വളര്‍ത്തിയിരിക്കുന്നത്. ഞാനെന്ന വ്യക്തി ഈ ജന്മം നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹ മാധ്യമങ്ങള്‍ നല്ലതാണ്. ഒരുപാട് നല്ല കാര്യങ്ങളുണ്ട്. പക്ഷേ, ഇങ്ങനെ നിങ്ങള്‍ ആരോടും ചെയ്യരുത്.
അത് പലരുടെയും ഹൃദയം തകര്‍ക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. എനിക്ക് നിങ്ങളെ ആരെയും ഇഷ്ടമല്ല. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവര്‍ ചിന്തിക്കണം. ഒരമ്മയാണ് ഞാന്‍. സ്വന്തമായി നിങ്ങള്‍ക്ക് അറപ്പു തോന്നുന്നില്ലേ. ഞാന്‍ ഒരിക്കലും നിന്നോടൊന്നും പൊറുക്കില്ല”- താര കല്യാണ്‍ പറഞ്ഞു.