മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കനിഹ. മലയാളത്തിന് പുറമെ തമിഴിലും മറ്റും കനിഹ മികച്ച പ്രകടനങ്ങളിലൂടെ കെെയ്യടി നേടിയിട്ടുണ്ട്. ബോഡി ഷെയ്മിങ്ങിനെ കുറിച്ചുള്ള കനിഹയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിവാഹത്തിനും പ്രസവത്തിനും ശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റത്തെ പരിഹസിക്കുന്നവരെ നേരിടേണ്ടത് എങ്ങനെയെന്നാണ് കനിഹ പറയുന്നത്. തന്റെ പഴയ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു കനിഹയുടെ പ്രതികരണം.
”മിക്കവരേയും പോലെ ഞാനും പഴയ ചിത്രങ്ങളിലൂടെ പോവുകയായിരുന്നു. എന്ത് മെലിഞ്ഞിട്ടായിരുന്നു ഞാനെന്ന് പറയുകയായിരുന്നു. എന്റെ വയര്‍ എത്ര ഫ്ലാറ്റായിരുന്നുവെന്നും എന്റെ മുടി എത്ര മനോഹരമായിരുന്നുവെന്നും മൊക്കെ പറയുകയായായിരുന്നു. പക്ഷെ പെട്ടെന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. ഇപ്പോഴത്തെ എന്റെ രൂപത്തില്‍ ഞാന്‍ സന്തുഷ്ടയല്ലെന്നാണോ അതിനര്‍ത്ഥം?” കനിഹ പറയുന്നു.
”ഒരിക്കലുമില്ല. സത്യത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിധം ഞാനെന്നെ സ്നേഹിക്കുന്നു. ആ അടയാളങ്ങള്‍ക്കും പാടുകള്‍ക്കുമെല്ലാം മനോഹരമായൊരു കഥ പറയാനുണ്ട്. എല്ലാം പെര്‍ഫെക്ട് ആണെങ്കില്‍ എന്ത് കഥ അല്ലേ?” കനിഹ ചോദിക്കുന്നു. സ്വയം അംഗീകാരിക്കാനും സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ പഠിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണെന്ന് കനിഹ പറയുന്നു.
”മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് നിര്‍ത്തൂ. നമുക്കെല്ലാവര്‍ക്കും വ്യത്യസ്തമായ കഥകളാണുള്ളത്. ചെറുതാണെന്ന് കരുതുന്നത് നിര്‍ത്തു. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാന്‍ ആരംഭിക്കൂ. ആരെങ്കിലും നിങ്ങളെ ബോഡിഷെയ്മിങ് ചെയ്താല്‍ നടുവിരല്‍ കാണിച്ച് നടന്നകലൂ” കനിഹ കൂട്ടിച്ചേര്‍ക്കുന്നു.