നായിക നായികനിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. നായിക നയികൻ മുതൽ ഉടൻ പണം വരെയുള്ള തന്റെ യാത്ര പറയുകയാണ് മീനാക്ഷി. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ; കുട്ടിക്കാലം മുതൽ നൃത്തം പഠിക്കുന്നുണ്ട്. അഭിനയം പണ്ടേ ഇഷ്ടമാണെങ്കിലും അതിലേക്കെത്തിപ്പെടാനുള്ള അവസരങ്ങളൊന്നും മുൻപ് കിട്ടിയിരുന്നില്ല. അങ്ങനെയാണ് ‘നായികാ നായകൻ’ വന്നപ്പോൾ ഓഡിഷനിൽ പങ്കെടുത്തത്. അഭിനയത്തിനൊപ്പം ജീവിതത്തിലെ മറ്റൊരു വലിയ ലക്ഷ്യമാ യിരുന്നു ഒരു കാബിൻ ക്രൂ ആകുക എന്നത്. ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ടു പോകണമെന്നായിരുന്നു ആഗ്രഹമെങ്കിലും അതു പ്രയാസമാണെന്ന് ജോലിക്കു കയറിയ ശേഷമാണ് മനസ്സിലായത്.
അങ്ങനെ ജോലിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ‘നായികാ നായകനി’ലേക്ക് അവസരം ലഭിച്ചത്. ‘നായികാ നായകനി’ലേക്ക് വന്നപ്പോൾ അഭിനയത്തോടുള്ള ഇഷ്ടം കൂടി. സെമിഫൈനൽ വരെ എത്തി. നായികാ നായകനി’ല്‍ പങ്കെടുക്കാനെത്തുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു ബലം. സ്കൂളിൽ പഠിക്കുമ്പോൾ നാടകക്യാമ്പിലും യൂത്ത് ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ടെന്നതു മാത്രമായിരുന്നു മുൻപരിചയം. 19–ാം വയസ്സിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെയാണ് സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ജോലി കിട്ടിയത്. ആദ്യം 1 മാസം ലീവ് എടുത്താണ് ‘നായികാ നായകനി’ൽ മത്സരിച്ചത്. അങ്ങനെ തുടരാനാകാതെ വന്നതോടെ, മൂന്നാം ക്ലാസ് മുതൽ കൊതിച്ചു നേടിയ ജോലി 22–ാം വയസിൽ രാജി വച്ചു.
ജോലി വിടാനുള്ള തീരുമാനം പോലും എന്നെ സംബന്ധിച്ച് പോസിറ്റീവായിരുന്നു. എനിക്ക് എന്റെ കാര്യത്തിൽ വലിയ ആത്മവിശ്വാസമുണ്ട്. അത് എന്തുകൊണ്ടാണ് എന്നു ചോദിച്ചാല്‍ അറിയില്ല. നടക്കും എന്ന ഉറപ്പോടെയാണ് ഞാൻ ഓരോ കാര്യങ്ങളെയും സമീപിക്കാറ്. ജോലി രാജി വയ്ക്കുകയാണെന്ന് വീട്ടിൽ അറിയിച്ചപ്പോൾ ‘ആലോചിച്ച്, നല്ലത് ഏതാണെന്നു തീരുമാനിക്ക്’ എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അവർക്ക് വിഷമമുണ്ടായിരുന്നെങ്കിലും എതിർത്തില്ല. അച്ഛൻ ബാങ്കിലായിരുന്നു. അച്ഛൻ വിരമിച്ചത് ഒരു ജൂണിലാണ്. ജൂലായിൽ എനിക്ക് ജോലി കിട്ടി. എല്ലാവർക്കും അതിൽ വലിയ സന്തോഷമായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാൻ ജോലി കളഞ്ഞത്. അപ്പോൾ സ്വാഭാവികമായും വീട്ടിൽ ചെറിയ ആശങ്ക തോന്നുമല്ലോ. എന്തായാലും എന്റെ ഒരു ആഗ്രഹത്തിനും അവർ ഇതുവരെ എതിരു നിന്നിട്ടില്ല.
അച്ഛൻ – രവീന്ദ്രൻ. അമ്മ – ജയ ചേട്ടൻ – ബാലു. ഞാൻ വിശ്വസിക്കുന്നത് എന്റെ ജീവിതത്തിൽ എല്ലാത്തിനും ധാരാളം സമയം ഉണ്ട് എന്നാണ്. നാളത്തന്നെ പോയി കല്യാണം കഴിച്ച് സെറ്റിൽ ആകണം എന്നൊന്നുമില്ല. സെറ്റിൽ ആയ ശേഷം മാത്രമേ കല്യാണം ഉണ്ടാകൂ. അഭിനയത്തിൽ വിജയിച്ചില്ലെങ്കിലും ജോലിയിൽ തിരികെ കയറാം എന്ന ആത്മവിശ്വാസവും എനിക്കുണ്ട്. ഇപ്പോൾ ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ടു പോകാനാകുന്ന ഒരു അവസരത്തിലേക്കു ഞാനെത്തിക്കൊണ്ടിരിക്കുന്നു. ‘ഉടൻ പണം’ കൂടി വന്നതോടെ ഒരുപാട് പേർ തിരിച്ചറിയുന്നുണ്ട്. എല്ലാവരും നല്ല അഭിപ്രായം പറയുന്നു. ഇപ്പോൾ മാലിക്ക്, മൂൺ വാക്ക്, ഹൃദയം എന്നീ ചിത്രങ്ങൾ ചെയ്തു. ബാക്കിയൊക്കെ വഴിയേ.