നാട്ടിലെ പൂവന്മാർക്കൊരു വിചാരമുണ്ട്; എല്ലാ പിടകളും അവന്റെയാണെന്ന്.! അതാണ്‌ നമ്മുടെ സംസ്കാരം…വൈറലായി കുറിപ്പ്

ഒരു സ്ത്രീയുടെ ജന്മലക്‌ഷ്യം വിവാഹിതയാകുക എന്നതാണ്. പേരിനെങ്കിലും ഒരു ഭർത്താവുണ്ടായിരിക്കുക എന്നതാണ് പരമപ്രധാനം.. അവളുടെ ശരീരത്തിൽ അവൾക്കങ്ങനെ പ്രത്യേകിച്ച് അധികാരമൊന്നുമില്ല. ആരാണോ കീഴ്പ്പെടുത്തുന്നത് അവനവകാശപ്പെട്ടതാണ് അവളുടെ ശരീരം.

പണ്ടു ക്ലാസ്സിലൊരു അധ്യാപകൻ പറഞ്ഞതോർക്കുന്നു. നാട്ടിലെ പൂവന്മാർക്കൊരു വിചാരമുണ്ട്. എല്ലാ പിടകളും അവന്റെയാണെന്ന്. അതാണ്‌ നമ്മുടെ സംസ്കാരം. അതുകൊണ്ടാണല്ലോ ഭർത്താവ് മരിച്ചാൽ പിന്നെ സ്ത്രീക്ക് ജീവിക്കാൻ അവകാശമില്ലാതിരുന്നത് ഒരു കാലത്ത്. ചുരുക്കിപ്പറഞ്ഞാൽ സ്ത്രീ എന്നത് ഒരു ശരീരം മാത്രമാണ്. പുരുഷന് പ്രാപിക്കാൻ മാത്രമുള്ള ഒരു വസ്തു. അതിനാലെ അവൾ കളങ്കപ്പെടുന്നു. ശ്രേഷ്ഠനായ അവൻ ഒരു താലി അണിയിച്ചാൽ അവളുടെ കളങ്കം കഴുകപ്പെടും.

നമ്മുടെ നാട്ടിലെ സമുന്നത നീതിപീഠം പോലും ഇങ്ങനെ വിശ്വസിക്കുമ്പോൾ, ആരോടാണ് സ്ത്രീ തനിക്കു വേണ്ടി തന്നെ വാദിക്കുന്നത്? അവൾക് വിമോചനം വേണ്ടത് എന്തിൽ നിന്നാണ്?
കോടതിയെ വിമർശിച്ചാൽ കോടതിയലക്ഷ്യം ആകും. അതായത്, വിമർശനങ്ങൾക്കു അതീതമായ, തെറ്റ് പറ്റില്ലെന്നുറപ്പുള്ള ഇടത്ത് നിന്നാണ് ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം ചെയ്യാമോ എന്ന് വേട്ടക്കാരനോട് ജഡ്ജി ചോദിക്കുന്നത്.

ഒരിക്കലല്ല, ഒരു കാലഘട്ടം മുഴുവൻ പ്രായപൂർത്തിയാകാത്ത അവളെ ശാരീരികമായി ഉപയോഗിച്ചിരുന്നിട്ടും അയാൾക്ക് വേണ്ടിയാണു സെഷൻസ് കോടതി പോലും സംസാരിച്ചത്.. ‘അവൾ കുട്ടിയല്ല, അവൾക്കു ഗർഭനിരോധനാ മാർഗങ്ങളെക്കുറിച്ചറിയാം, അതുകൊണ്ടാണല്ലോ അയാൾ അവ ഉപയോഗിച്ചിരുന്നു എന്നവൾ മൊഴി കൊടുത്തത്.. അവൾക്കു പ്രായത്തിൽ കവിഞ്ഞ ശാരീരിക വളർച്ച ഉണ്ടായിരുന്നു’ എന്നൊക്കെയാണ് ആദ്യവിധി എന്ന് കേട്ടപ്പോൾ വലിയ ഞെട്ടലൊന്നും ഉണ്ടായില്ല.

ഇതിനു ശേഷം മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുന്ന അയാളുടെ സർക്കാർ ജോലി നഷ്ടമായെക്കും ശിക്ഷിക്കപ്പെട്ടാൽ എന്നതാണ് അയാളുടെ ഭാഗത്തെ ന്യായം.. എന്തിനാണ് ഞെട്ടുന്നത്? ഇങ്ങനെയൊക്കെയേ നടക്കൂ.. ഇത് ഭാരതമാണ്.. അറപ്പ് തോന്നുന്ന ഒരുവന്റെ ശരീര ശ്രവങ്ങളുടെ ഗന്ധവും പേറി ഒരു ജന്മം മുഴുവൻ പുകഞ്ഞു ജീവിക്കേണ്ടി വരുന്നതിന്റെ വേദന മനസിലാക്കാൻ ഇവിടെ നിയമങ്ങളില്ല.

ബലാത്സംഗം ചെയ്തവന് വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യാനുള്ള ലൈസൻസ് കൊടുക്കാൻ വേണ്ടി അവനെത്തന്നെ വിവാഹം ചെയ്യേണ്ടി വരുന്ന ആ ശരീരത്തിനുള്ളിൽ അവൾക്കൊരു മനസ്സുണ്ടെന്നു തിരിച്ചറിയാൻ ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്ന നമ്മുടെ പുരുഷപ്രമാണിമാർക്ക് ഇപ്പോഴും സാധിക്കുന്നില്ല.

വിദ്യാഭ്യാസമൊന്നും വിവേകത്തിനും തിരിച്ചറിവിനും ഒരു മാനദണ്ഡവും അല്ല എന്ന് നമ്മളെന്നെ അറിഞ്ഞവരാണ്.. ഇഷ്ടമില്ലാതെ ശരീരത്തിൽ തൊടുന്നവനെ കൊന്നിട്ട് ജയിലിൽ കിടക്കുന്നതാണ് അവന്റെ കൂടെ ജീവിക്കേണ്ടി വരുന്നതിനേക്കാൾ ഒരു പെണ്ണിന് മെച്ചം.. അന്തസ്സുള്ള ഒരു ക്രൈം ആണത്.. എന്നാപ്പിന്നെ ഇനി ആ വഴിക്കു പോകാം… നീതി സ്വയം നടപ്പാക്കാം… അത് ലഭിക്കുന്നില്ലയെങ്കിൽ…

Previous articleമഞ്ജുഷ മരണത്തിലേക്ക്‌ യാത്രയായ അതേ സ്കൂട്ടറില്‍ പിതാവും യാത്രയായി..
Next articleആരാധകന്റെ ചെകിടത്ത് അടിച്ച് നന്ദമൂരി ബാലകൃഷ്ണ ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here