‘ആനന്ദം’ സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ നടനാണ് വിശാഖ് നായർ . ‘ആനന്ദം’ സിനിമയിൽ കുപ്പി എന്ന കഥാപാത്രത്തിലൂടെയാണ് വിശാഖ് ശ്രദ്ധേയനായത്. പിന്നീട് പുത്തൻപണം, ചങ്ക്സ്, കുട്ടിമാമ, ചിരി, തിമിരം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
കിളി എന്ന വെബ് സീരീസിലെ വിശാഖിന്‍റെ അഭിനയവും ഏറെ പ്രശംസ നേടിയിരുന്നു. താൻ വിവാഹിതനാകാൻ പോകുന്ന കാര്യം വിശാഖ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്തയാണ് പുറത്തുവരുന്നത്, ജയപ്രിയ നായർ ആണ് വധു. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ ചടങ്ങിൽ പങ്കെടുത്തു.
ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ ആരാധകരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ ജയപ്രിയയെ പരിചയപ്പെടുത്തി സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
”ഒക്ടോബർ 21, ആനന്ദം റിലീസായ ഈ ദിവസം എന്റെ ജീവിതം ആകെ മാറിമറിഞ്ഞു. ഈ ദിവസം തന്നെ വലിയൊരു പ്രഖ്യാപനം നടത്തുന്നു. എന്റെ പ്രതിശ്രുത വധു ജയപ്രിയ നായരെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഉടൻ തന്നെ ഞങ്ങൾ മോതിരം കൈമാറും,” എന്നാണ് വിശാഖ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനോടകം തന്നെ ഫോട്ടോസ് എല്ലാം വൈറലായി മാറുകയും ചെയ്തു.