ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ആമസോൺ പ്രൈമിലൂടെയെത്തിയ ‘ദൃശ്യം 2’ എന്ന സിനിമയിൽ സരിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അടുത്തിടെ ഏറെ ശ്രദ്ധേയയായ അഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകനായ അജിത് രാജുവുമായാണ് അഞ്ജലി വിവാഹിതയായിരിക്കുന്നത്. നവംബർ 21നായിരുന്നു വിവാഹം.
ഇരുവരുടേയും രണ്ടാം വിവാഹമാണ്. ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. അജിത് രാജുവാണ് സോഷ്യൽമീഡിയയിൽ റിലേഷൻഷിപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് അഞ്ജലിയുമായി വിവാഹം കഴിഞ്ഞ വിവരം പുറത്തുവിട്ടത്. ഒരുമിച്ചുള്ള ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴാണ് വിവാഹ വാർത്ത പുറത്തുവിട്ടതെന്നും അഞ്ജലി വ്യക്തമാക്കി. ആർട് ഫിലിം മേക്കറും തമിഴിലും മലയാളത്തിലും സഹസംവിധായകനുമാണ് അജിത് രാജ്. ലാൽജോസിനോടൊപ്പം ‘നാല്പത്തിയൊന്ന്’ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി തമിഴ് സിനിമകളിലും അജിത് പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലുമായി 125-ലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള അഞ്ജലി ‘ദൃശ്യം 2’ ഇറങ്ങിയ ശേഷമാണ് ഏറെ ശ്രദ്ധേയയായിരുന്നത്. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും, കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അഞ്ജലി നായർ.
നിരവധി സിനിമകളിൽ അമ്മവേഷങ്ങളിലും സഹനടിയായുമൊക്കെ സജീവമായ അഞ്ജലിയുടെ മകളും അഭിനയരംഗത്ത് സജീവമാണ്. അഞ്ജലിയുടെ വിവാഹമോചനത്തെക്കുറിച്ചുള്ള വാര്‍ത്തകൾ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
സംവിധായകനായ അനീഷ് ഉപാസനയുമായി 2011ലായിരുന്നു അഞ്ജലിയുടെ വിവാഹം. ഒരു മകളുമുണ്ട് ഈ ദമ്പതികള്‍ക്ക്. 2016-ലാണ് ഇരുവരും വേർപിരിഞ്ഞത്. അജിത് രാജുവും ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.