തെലുങ്കിലെ യുവ സിനിമാ താരം നിതിൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. ശാലിനിയാണ് വധു. നീണ്ട നാളായുള്ള പ്രണയത്തിന് ശേഷമാണ് നിതിനും ശാലിനിയും വിവാഹിതരാകുന്നത്. ഫെബ്രുവരിയിലായിരുന്നു വിവാഹ നിശ്ചയം. ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹം ഏപ്രിലിൽ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. വിവാഹ ഒരുക്കങ്ങൾ ഏപ്രിൽ 15 ന് ആരംഭിക്കുമെന്ന് വിവാഹനിശ്ചയ സമയത്ത് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ഹൈദരാബാദിൽ വെച്ച് ജൂലൈ 26ന് രാത്രി 8.30നാണ് വിവാഹ ചടങ്ങുകൾ നടക്കുക. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിവാഹമെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പവനും ത്രിവിക്രമും വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ദുബായ് പലാസോ വെർസാകിൽ വെച്ച് ഡെസ്റ്റിനേഷൻ വെഡ്ഡിംഗായി നടത്താനായിരുന്നു പദ്ധതിയെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ എട്ട് വർഷങ്ങളോളമായി നിതിനും ശാലിനുമായി പ്രണയത്തിലാണ്. ലണ്ടനിൽ നിന്നും എംബിഎ ബിരുദം നേടിയ വ്യക്തിയാണ് ശാലിനി.
2002 ൽ ജയം എന്ന സിനിമയിലൂടെയാണ് നിതിൻ സിനിമയിലെത്തിയത്. ഇതിനകം 25ലേറെ സിനിമകളിൽ നിതിൻ അഭിനയിച്ചു കഴിഞ്ഞു. രശ്മിക മന്ദാനയോടൊപ്പം അഭിനയിച്ച ഭീഷ്മ എന്ന സിനിമ ഫെബ്രുവരി 21ന് തീയേറ്ററുകളിലെത്തിയിരുന്നു. ഹേർട്ട് അറ്റാക്ക് , ലൈ, അ ആ, ഭൈഗിരി, കൊറിയർ ബോയ് കല്യാൺ, മൂച്ച്, മാജിക്ക് ലവ്, ശ്രീനിവാസ കല്യാണം തുടങ്ങിയ സിനിമകളിലൂടെയാണ് നിതിൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയത്.