തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. വമ്പൻ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ലോകപ്രശസ്തമായ ബാഹുബലിയിലൂടെ പ്രശസ്തിയുടെ കൊടുമുടി കയറുകയും ചെയ്ത താരമാണ് തമന്ന. തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലൂടെ തൻ്റെ വേറിട്ട സിനിമാകാഴ്ചപ്പാടുകൾ പരസ്യമാക്കുന്ന താരത്തിൻ്റെ ആരാധകർ അടുത്തിടെ ഞെട്ടിത്തരിച്ചത് തങ്ങളുടെ പ്രിയതാരം വിവാഹിതയാകാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നതോടെയാണ്.
എന്നാൽ ആ വാർത്തയിലെ സത്യാവസ്ഥ തിരയുകയായിരുന്നു ആരാധകരുൽ പലരും. താരം വിവാഹിതയാകാനൊരുങ്ങുന്നത് പാക്ക് ക്രിക്കറ്റ് മേഖലയിലെ പ്രശസ്തനുമായിട്ടാണ് എന്ന തരത്തിലായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് ഈ വാർത്തയെ സാധൂകരിക്കുന്നതെന്ന് കാട്ടി ചില ചിത്രങ്ങൾ കൂടി പുറത്ത് വന്നതോടെ അത് പാക്ക് ക്രിക്കറ്റ് കോച്ചായ അബ്ദുൾ റസാഖാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാലിതാ ഇപ്പോൾ ഈ വാർത്തയിലെ വാസ്തവം പുറത്ത് വന്നിരിക്കുകയാണ്. ഈ വാർത്തയെ സാധൂകരിക്കാനെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഇരുവരും ഒരു സ്വർണ്ണാഭരണക്കടയിൽ ആഭരണങ്ങളും പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമായിരുന്നു. ഒരു പഴയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പ്രശസ്തമായ ഒരു ജ്വല്ലറിയുടെ ദുബായ് ഷോ റൂം ഉദ്ഘാടനത്തിനായി മുഖ്യാതിഥികളായി എത്തിയതിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ഇതോടെ വിവാഹവാര്‍ത്തയ്ക്ക് കഴമ്പില്ലാതെയാകുകയും സത്യാവസ്ഥ മറ്റുള്ളവർ മനസിലാക്കുകയുമായിരുന്നു. ആരാധകര്‍ക്കിടയില്‍ വിവാഹ വാർത്ത ചൂടുപിടിച്ചതോടെ അബ്ദുള്‍ റസാക്ക് വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നുമൊക്കെയുള്ള വാദങ്ങളും ഉയർന്നിരുന്നു. തമന്നയും അബ്ദുള്‍ റസാക്കും ഒരുമിച്ച് ഒരു ആഭരണക്കടയില്‍ ആഭരണവുമായി നില്‍ക്കുന്ന ചിത്രം ചില ആരാധകരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് വേണം മനസിലാക്കാൻ. കാരണം ചിത്രത്തിൻ്റെ ആദ്യ കാഴ്ചയിൽ തന്നെ ഇതിലെ സത്യാവസ്ഥ മനസിലാക്കാവുന്നതാണ്.