ചില വാർത്തകൾ നമ്മൾ കേൾക്കുമ്പോൾ ഇങ്ങനെയും സംഭവിക്കുമോ എന്ന് ചിന്തിക്കും. കുഴഞ്ഞുമറിഞ്ഞ കുടുംബബന്ധങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഈ അടുത്ത കാലത്ത് വരെ നാം ഇത്തരത്തിലാണ് വായിച്ചിരുന്നത്. എന്നാലിപ്പോൾ കാലം മാറി. ഇത്തരം വാർത്തകൾ നാം ലാഘവത്തോടെ വായിക്കാൻ തുടങ്ങി. ഈ ശ്രേണിയിലെ പുത്തൻ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർ പ്രദേശിലെ ബദായൂനിൽ നിന്നാണ്.
അകന്നു കഴിയുന്ന തന്റെ ഭാര്യയെ സ്വന്തം പിതാവ് കല്യാണം കഴിച്ചു എന്ന് മനസ്സിലാക്കിയ യുവാവാണ് ഞെട്ടിയിരിക്കുന്നത്. വിവരാവകാശ നിയമം ഉപയോഗിച്ചാണ് അകന്നുകഴിയുന്ന ഭാര്യ തന്റെ പിതാവിനെ വിവാഹം കഴിച്ചാണ് ജീവിക്കുന്നത് എന്ന കാര്യം 22 വയസ്സുള്ള യുവാവ് മനസ്സിലാക്കിയത്. 2016ലാണ് യുവാവ് പെൺകുട്ടിയെ വിവാഹം ചെയ്തത്. ആ സമയത്ത് ഇരുവർക്കും പ്രായപൂർത്തിയായിരുന്നില്ല. ആറ് മാസത്തിനുള്ളിൽ കലഹം മൂലം ഇരുവരും മാറിത്താമസിക്കാൻ തുടങ്ങി.
ഇതിനിടെ യുവതി ഗർഭിണിയാവുകയും മാറിത്താമസിക്കുമ്പോൾ ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ഭാര്യയുമായി രമ്യതപ്പെടാൻ യുവാവ് താല്പര്യപ്പെട്ടെങ്കിലും വിവാഹ മോചനം വേണം എന്ന് യുവതി ശാഠ്യം പിടിച്ചു എന്നാൽ അതിനിടെ കുറച്ച് കാലമായി സംബാൽ എന്ന പട്ടണത്തിൽ മാറി താമസിക്കുന്ന തന്റെ പിതാവുമായി ഭാര്യക്ക് സമ്പർക്കം ഉണ്ടെന്നറിഞ്ഞ യുവാവ് വിവരാവകാശ നിയമം വഴി കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഞെട്ടിയത്. അകന്ന് കഴിയുന്ന തന്റെ ഭാര്യ തന്റെ പിതാവിനെ വിവാഹം ചെയ്തു എന്ന് മനസ്സിലാക്കിയ യുവാവ് ബിസൗലി പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു.
തനിക്കും അമ്മയ്ക്കും ചിലവിന് തരുന്നത് പിതാവ് നിർത്തിയതോടെയാണ് പിതാവിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ യുവാവ് വിവരാവകാശ നിയമപ്രകാരം കേസ് നൽകിയത് എന്ന് സബ്-ഇൻസ്‌പെക്ടർ രാജേന്ദ്ര പ്രസാദ് മാധ്യമത്തിനോടു പറഞ്ഞു. അതെ സമയം അനേഷണം പുരോഗമിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്. യുവാവിന്റെ പിതാവിനെയും ഭാര്യയെയും കണ്ടെത്തിയാലും കേസ് നിലനിൽക്കില്ല എന്നും പോലീസ് പറയുന്നു. പ്രായപൂർത്തിയാകാതെ വിവാഹം ചെയ്തതിനാൽ യുവാവിന്റെ വിവാഹത്തിന് നിയമസാധുതയില്ല എന്നതാണ് പ്രധാന പ്രശ്നം. യുവാവിന്റെ പിതാവുമായുള്ള വിവാഹത്തിൽ തൻ സന്തുഷ്ടയാണ് എന്നും ‘അകന്ന് കഴിയുന്ന ഭാര്യ’ പോലീസിനെ അറിയിച്ചിട്ടുണ്ടത്രെ.