ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആയുഷ്മാന്‍ ഖുറാന. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും സിനിമയിലൂടെയും ബോളിവുഡില്‍ ആയുഷ്മാന്‍ നിലയുറപ്പിച്ചുകഴിഞ്ഞു. സിനിമയില്‍ ഗോഡ്ഫാദര്‍മാരൊന്നുമില്ലാതെയാണ് ആയുഷ്മാന്‍ സിനിമയിലേക്ക് എത്തുന്നത്. അതിനാല്‍ തന്റെ ആദ്യ സിനിമ സ്‌പെഷ്യല്‍ ആകണം എന്ന ആഗ്രഹം താരത്തിനുണ്ടായിരുന്നു.
ഇതിനാല്‍ ആറ് സിനിമകള്‍ വേണ്ടെന്നുവെച്ചിട്ടുണ്ട് എന്നാണ് ആയുഷ്മാന്‍ പറയുന്നത്. പുറത്തുനിന്നുള്ള ആളായതിനാല്‍ തനിക്ക് രണ്ടാമതൊരു ചാന്‍സ് കിട്ടില്ലെന്ന് അറിയാമായിരുന്നെന്നും അതിനാലാണ് ആദ്യ സിനിമ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തത് എന്നുമാണ് താരത്തിന്റെ വിശദീകരണം.
താന്‍ മികച്ചൊരു ഗായകന്‍ കൂടിയാണ് എന്നാണ് ആയുഷ്മാന്‍ പറയുന്നത്. പണ്ട് ട്രെയിനില്‍ പാട്ടുപാടി സഹയാത്രികരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തീയെറ്റര്‍ ഷോകള്‍ക്കായി പശ്ചിം എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെയായിരുന്നു ഗാനാലാപനം. പാട്ടുകേട്ട് സഹയാത്രികര്‍ പണം തന്നിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് ഗോവയ്ക്ക് ട്രിപ്പുപോയിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. ട്രെയിനില്‍ പാട്ടുപാടിയതുകൊണ്ട് താന്‍ പരിശീലനം ലഭിച്ച ഗായകനാണെന്നാണ് താരം തമാശയായി പറയുന്നത്.
2012ല്‍ പുറത്തിറങ്ങിയ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാന്‍ സിനിമയിലേക്ക് എത്തുന്നത്. താരത്തിന്റേതായി പുറത്തിറങ്ങിയ ആന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15 എന്നിവയെല്ലാം വന്‍ വിജയമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശുഭ് മംഗല്‍ സ്വാദ വാസ്ദാന്‍ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തില്‍ സ്വവര്‍ഗാനുരാഗികളായ രണ്ട് ചെറുപ്പക്കാരുടെ പ്രണയമാണ് പറയുന്നത്.