വിശ്വമോഹൻ ന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഈ അഴുക്ക് പിടിച്ച് കിടക്കുന്നതും ഏതെങ്കിലും ഒരു അമ്മയുടെ സ്വപ്നമായിരുന്നിരിക്കണം.കൊഞ്ചിച്ച് താലോലിച്ച് വളർത്തിയ പൊന്നുമോൻ… രാത്രി ഒരുമണി മാവേലി എസ്പ്രസ് ഉത്രാളിക്കാവ് കഴിഞ്ഞപ്പോഴാണ് സീറ്റിനരികിൽ ഇരിക്കാൻ ചെന്ന ഈ യുവാവിനെ പട്ടിയെ പായിക്കും പോലെ.ടോയ്‌ലെറ്റിന് മുന്നിലെ ഈ ഇടത്തിലേക്ക് ആട്ടിപ്പായിച്ച് ഒരാൾ തന്റെ ശൗര്യം കാണിച്ചത്. എല്ലാരോടും അപ്പോഴും ചിരിച്ചു നിൽക്കാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു.ഒരുപക്ഷേ അപഹാസങ്ങൾ ശീലമായത് കൊണ്ടായിരിക്കണം അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നില്ല, ചുറ്റുമുള്ള വൃത്തിയുള്ള വസ്ത്രം ധരിച്ച മനുഷ്യരെ അവൻ ഇടയ്ക്കിടെ യാചനാ ഭാവത്തിൽ നോക്കി.ഓരോ സ്റ്റോപ്പിലും വാതിലിൽ ചെന്ന് പുറത്തേക്ക് ആധിയോടെ നോക്കി. തിരികെ ഈ ഇടത്തിൽ വന്ന് നിൽക്കും.അച്ഛൻ ‘അമ്മ വീട് ഏട്ടൻ പെങ്ങൾ അനിയത്തി ഒക്കെ ഈ യുവാവിനും ഉണ്ടായിരിക്കും അല്ലെ…?
ഇടയ്ക്കെപ്പോഴോ മയങ്ങി ഉണർന്നപ്പോൾ കണ്ട കാഴ്ചയാണിത്, മുഖത്തു കൈ വെച്ചുള്ള ഈ കിടപ്പ്.ലക്ഷ്യമില്ലാതെയുള്ള സഞ്ചാരം,കൂകിപ്പായുന്ന ഉരുക്കുവണ്ടിയിൽ എല്ലാവരാലും തിരസ്കരിക്കപ്പെട്ട് രാപ്പകലുകളുടെ പൊടിയും കാറ്റുമടിച്ച് അനു ദിനം മലീനമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു അന്യവൽക്കരിക്കപ്പെട്ട മനുഷ്യ ശരീരമായി അവൻ അവനിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്നു. ദൂരെയെവിടെയോ ഒരമ്മയിരുന്ന് കരയുന്നുണ്ടാകണം,കണ്ണീർ തുടച്ചു നീറി മരിക്കുന്നുണ്ടാകണം.അവൻ അബോധങ്ങളിലും അമ്മേയെന്നു വിളിക്കുന്നുണ്ടാകണം…