കണ്ണീരിന്റെ നനവുള്ള നോട്ടു കെട്ടുകൾ
“ഞാൻ ഒരുനാൾ പിടിക്കപ്പെടും അന്ന് നീ എന്നെപ്പറ്റി എഴുതണം. നിന്റെ അനുഭവങ്ങൾ വായിക്കാൻ ഒരുപാട് പേരുണ്ട്, നിന്റെ എഴുതുകളിലൂടെ എന്റെ ജീവിതവും പുറം ലോകം അറിയണം.” ഒരു ചിരിയോടെയാണ് മറീന എന്നോട് അങ്ങനെ പറഞ്ഞത്.
മറീന…. അവൾ ആരാണ് എനിക്ക്???? ഒരു സഹോദരി, അതിലുമുപരി എന്റെ പ്രീയ സുഹൃത്ത്.. യുഗാണ്ടയിൽ (ഉഗാണ്ട ) നിന്ന് U. A.E ൽ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു പറന്നിറങ്ങിയവൾ.. ഒടുവിൽ…. അവളെ പറ്റി പറയും മുമ്പ് ഞാനും അവളും കണ്ടു മുട്ടിയതിനെപ്പറ്റിയാണ് ആദ്യം പറയേണ്ടത്….
2020 ഫെബ്രുവരിയിൽ ഞാൻ ദുബായിൽ ദേര നൈഫിൽ ആയിരുന്നു. ആ കാലയളവിലാണ് കൊറോണ എന്ന വ്യാദി ലോകത്തെ വിഴുങ്ങിയത്. ജോലി ഇല്ല, കൈയിൽ കാശില്ല. ഉണ്ടായിരുന്നു 500 ദിർഹം റൂമിലെ ഏതോ ഒരു മഹാൻ അടിച്ചോണ്ട് പോയി. പിന്നെ പട്ടിണിയും ദാരിദ്രവും. ആകെയുള്ളത് കുടിക്കാൻ വെള്ളവും, കിടക്കാൻ ഒരു ബെഡ് സ്പെസും, പിന്നെ നാട്ടിൽ നിന്ന് കൊണ്ട് വന്ന ഒരു വലിയ ടിൻ അച്ചാറും.
ഒരു ദിർഹം കൊടുത്തു ഒരു പാക്കറ്റ് കുബൂസ് വാങ്ങാൻ പോലും കൈയിൽ കാശില്ല. ഇങ്ങനെ പോയാൽ പട്ടിണി കിടന്ന് ചാകും എന്ന് ഉറപ്പായി. കൊറോണ ക്രൈസിസ്… ഇനി നല്ലൊരു ജോലിയും കിട്ടാൻ സാധ്യത ഇല്ല എന്ന് മനസ്സിലായി. ഡെയിലി ജോലി തെണ്ടി ഇറങ്ങും. എല്ലായിടത്തും ഒരേ വാചകം. “അനിയാ കോറോണോയൊക്ക അല്ലെ, ആകെ തകർന്നു നിൽക്കുകയാണ്, എല്ലാം ഒന്നു റെഡി ആകട്ടെ . അപ്പോൾ ശരിയാക്കാം.”
ഒരു മെട്രോ സ്റ്റേഷനിൽ നിന്ന് അടുത്ത സ്റ്റേഷനിലേക്ക്…. ജോലി തെണ്ടിയുള്ള ഓട്ടം. ഏതെങ്കിലും കഫെയിൽ കേറി ഒരു ഗ്ലാസ് വെള്ളം കുടിക്കും. ഒടുവിൽ വൈകുനേരം ആകുമ്പോൾ യൂണിയൻ മെട്രോ സ്റ്റേഷനിൽ ഇറങ്ങി അവിടുള്ള പുൽ പരവതാനിയിൽ വന്നിരിക്കും. കുറച്ചു സമയം ബാക്കിയുള്ള ദിവസങ്ങൾ എന്ത് ചെയ്യുമെന്നോർത്ത് മനസ്സൊന്നു വിങ്ങും. രാത്രി സമയം പത്തുമണിയോട് അടുപ്പിച്ചു അവിടെ തന്നെയിരിക്കും. എന്നിട്ട് മെല്ലെ റൂമിലോട്ട് നടക്കും.
സ്റ്റേഷനിൽ നിന്ന് റൂം വരെ 1-2 കിലോമീറ്റർ ദൂരം വരും. റൂമിനടുത്താണ് അൽ ഭുതൈയിൻ മസ്ജിദ്, അതിന്റെ പാദയോരങ്ങളിൽ ആഫ്രിക്കൻ കാൾ ഗേൾസ് ഉണ്ട്. അതുവഴി പോകുന്ന ആണുങ്ങളെ വന്നു തൊടുകയും മുട്ടകയും ചെയ്യും, എന്നിട്ട് കൂടെ കൂട്ടികൊണ്ട് പോകും. അതുവഴി പോകുമ്പോളെല്ലാം ഇതെനിക്ക് ഒരു സ്ഥിരം അനുഭവമാണ്. റൂമിൽ ചെന്നു കേറിയാൽ ബാക്കിയുള്ള റൂം മേറ്റ്സിന്റെ വക പുച്ഛവും. ബ്ലാങ്കറ്റ് തലവഴി മൂടി ശബ്ദം പുറത്തു വരാതെ കരഞ്ഞു തീർത്ത രാത്രികൾ ഒരുപാട് ഉണ്ട്.
അങ്ങനെയിരിക്കെ ഒരു വ്യാഴാഴ്ച്ച ദിവസം റൂമിലുള്ള ഒരാളും ഞാനും തമ്മിൽ വാക്ക് തർക്കം ഉണ്ടായി, പിന്നീട് അത് വലിയൊരു വഴക്കായി മാറി,ദേഷ്യവും സങ്കടവുമൊക്കെ ഉള്ളിലൊതുക്കി ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി,മസ്ജിദിന്റെ അടുത്തു പോയി ഇരിന്നു. കൊറോണ ആയത്കൊണ്ട് അധികം ആൾക്കാരില്ല. പെട്ടന്ന് എന്റടുത്തു ഒരു ആഫ്രിക്കൻ സുന്ദരി വന്നിരുന്നു. എന്തൊക്കയോ ചോദിച്ചു, മനസ്സ് ശരിയല്ലാത്തൊണ്ടാകാം ഞാൻ ഒന്നും ശ്രദ്ധിച്ചില്ല. പ്രതീക്ഷിക്കാതെ അവളെന്റെ കൈയിൽ പിടിച്ചു വലിച്ചു എന്നിട്ട് പറഞ്ഞു.
“വാ എന്റെ റൂമിൽ പോകാം മുപ്പത് ദിർഹം മതി. ” പെട്ടന്ന് പരിസരം മറന്നു പൊട്ടി കരഞ്ഞു കൊണ്ട് ഞാൻ അവളോട് പറഞ്ഞു. “പെങ്ങളെ ഞാൻ ആഹാരം കഴിച്ചിട്ട് രണ്ടു ദിവസമായി. എനിക്കൊരു നല്ല ജോലി ഇല്ല, കൈയിൽ കാശില്ല.. ഞാൻ ആകെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്. ” ഇതും പറഞ്ഞു ഞാൻ കരയാൻ തുടങ്ങി. ഒരുനിമിഷം അവൾ സ്തംഭിച്ചു പോയി. ഞാൻ കരയുന്നത് കണ്ടു അവൾക്ക് സങ്കടം ആയി. അവൾ t-shirt ന്റെ അകത്തു നിന്ന് ഒരു നൂറു ദിർഹത്തിന്റെ നോട്ട് എടുത്തു തന്നു. എന്നിട്ട് പറഞ്ഞു.
“പോയി വല്ലതും കഴിക്ക്.” ഞാനാ കാശ് വാങ്ങിയില്ല. പക്ഷെ അവളെന്നെ നിർബന്ധിച്ചു. ഒടുവിൽ അവൾ പറഞ്ഞു ഒരുമിച്ചു കഴിക്കാം പോകാമെന്നു. അങ്ങനെ ഞാനും അവളും ഒരുമിച്ചു ഒരു റെസ്റ്റോറന്റിൽ കേറി ഭക്ഷണം കഴിച്ചു. ഞാൻ ആർത്തിയോടെ തന്നെയാണ് ആഹാരം കഴിച്ചത്. ആ റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന ആളുകളെല്ലാം എന്നെയും അവളെയും പുച്ഛത്തോടെയാണ് നോക്കിയത്. പക്ഷെ ഞാനും അവളും അത് മൈൻഡ് ചെയ്യാനേ പോയില്ല. കഴിച്ചിറങ്ങിയ ശേഷം അവളെന്നോട് പറഞ്ഞു.
“ഇനി വിശനൊന്നും ഇരിക്കേണ്ട, കാശിനു ആവശ്യം ഉള്ളപ്പോൾ വന്നാൽ മതി ഞാൻ ഇവിടെ ഉണ്ടാകും. ” മനസ്സിന് ഒരു സന്തോഷം തോന്നി. വിശന്നിരുന്നവനെ മനസ്സിലാക്കിയ അവളുടെ മനസ്സിന് ഞാൻ ഒരു സല്യൂട്ട് നൽകി. പിന്നെ പതുക്കെ പതുക്കെ ഞാനും അവളും നല്ല കൂട്ടുകാർ ആയി. ഇടക്ക് അവളുടെ റൂമിൽ പോകും ഫ്രണ്ട്സ് ആയി ശീഷ വലിക്കും, ഒരുമിച്ചു ഫുഡ് കഴിക്കും, ഷോപ്പിംഗിന് പോകും. അങ്ങനെ പിരിയാൻ പറ്റാത്ത കൂട്ടായി. എന്റെ റെഡ്സ്ട്രീട് അനുഭവങ്ങളും, പോസ്റ്റ് വൈറൽ ആയതൊക്കെ അവളോട് പങ്ക് വെച്ചു… അപ്പോഴാണ് അവൾ അവളെപ്പറ്റി പറഞ്ഞത്.
‘മറീന…… യുഗാണ്ടക്കാരി (ഉഗാണ്ട ).
38 വയസ്സ്,ഭർത്താവ് ഉപേക്ഷിച്ചുപോയി. മൂന്നു മക്കൾ. രണ്ട് പെണ്മക്കൾ ഒരു ആൺ കുട്ടി. പതിനഞ്ചു വയസ്സിൽ മൂത്തമകൾക്ക് ഒരു അപകടം പറ്റി, അങ്ങനെ അവൾ തളർന്നു കിടപ്പാണ്. നല്ലൊരു സർജറി ചെയ്‌താൽ മകൾ രക്ഷപ്പെടുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷെ ഇതിനൊന്നും പണമില്ല. മൂത്തവളുടെ ചികിത്സ, മറ്റുമക്കളുടെ പഠനം ഇതിനൊക്കെ പണം വേണം. U. A. E ൽ അറബിയുടെ വീട്ടിൽ ജോലിക്കാരിയെ ആവശ്യം ഉണ്ടെന്ന് കേട്ടു. നല്ല ശമ്പളവും കിട്ടും. കുറച്ചു കാലം ജോലി ചെയ്‌താൽ മകളുടെ സർജറിക്കുള്ള കാശാകും, ഇപ്പോഴത്തെ ജീവിത സാഹചര്യം മാറി കിട്ടും. നല്ലൊരു വീടും വെയ്ക്കാം. ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു അവൾ മൂന്ന് മാസത്തെ വിസയുമായി U. A. E ൽ പറന്നിറങ്ങി.
പക്ഷെ പ്രതീക്ഷിച്ചു വന്ന ജോലി അല്ല അവൾക്ക് കിട്ടിയത്. തെരുവിലിറങ്ങി ശരീരം വിൽക്കേണ്ടി വരുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല. കൊണ്ട് പോയ ഏജന്റ് അവളെ പറ്റിച്ചു. പാസ്പോർട്ട് കൈക്കലാക്കി തെരുവിലിറക്കി അവളുടെ ശരീരം വിറ്റു. വീട്ടിലെ സാഹചര്യം ഓർത്തപ്പോൾ അവൾക്ക് അത് ചെയ്യേണ്ടി വന്നു. അങ്ങനെ മൂന്നുമാസത്തെ വിസ തീർന്നത് അവൾ അറിഞ്ഞില്ല. വിസ തീർന്നവരെ അറബിയിൽ ഒരു വാക്ക് പറയും കല്ലിവല്ലി… അങ്ങനെ അവൾക്കും ആ പേര് കിട്ടി കല്ലിവല്ലി…
സ്വന്തം മക്കൾക്ക് വേണ്ടി അവൾ അവളെ മറന്നു. സങ്കടങ്ങളും, വേദനകളും അവൾ മനസ്സിലൊതുക്കി. കല്ലിവല്ലി ആയതിനാൽ നാട്ടിലും പോകാൻ സാധിക്കില്ല. അങ്ങനെ പോലീസിനൊന്നും പിടി കൊടുക്കാതെ രണ്ടു വർഷമായി അവൾ ദുബായിൽ ഉണ്ട്. പക്ഷെ എന്നെങ്കിലും അവൾ പിടിക്കപ്പെടും, അവൾക്ക് ഉറപ്പുണ്ട്. അങ്ങനെയിരിക്കെയാണ് എനിക്ക് ഒരു കമ്പനിയിൽ ജോലി കിട്ടുന്നത്. ഞാനാ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഞാനും അവളും തമ്മിൽ അങ്ങനെ കോൺടാക്ട് ഇല്ലായിരുന്നു. ഇടക്ക് മെസ്സേജ് ഇടാറുണ്ട്.
ഒരിക്കൽ എന്നെ ഫോൺ ചെയ്തു, എന്നിട്ട് ഒരു ചിരിയോടെ പറഞ്ഞു. “ഞാൻ ഒരുനാൾ പിടിക്കപ്പെടും അന്ന് നീ എന്നെപ്പറ്റി എഴുതണം. നിന്റെ അനുഭവങ്ങൾ വായിക്കാൻ ഒരുപാട് പേരുണ്ട്, നിന്റെ എഴുതുകളിലൂടെ എന്റെ ജീവിതവും പുറം ലോകം അറിയണം.” ഒരു തമാശയോടെയാണ് ഞാൻ അത് അന്ന് കേട്ടത് എങ്കിലും കുറച്ചു മാസം കഴിഞ്ഞു ഒരു ഞട്ടലോടെയാണ് അതറിഞ്ഞത്. മറീനയെ പോലീസ് പിടിച്ചു… കുറ്റം : വിസയില്ലാതെ U. A. E ൽ താമസിച്ചതിനും, വേഭിചര്യത്തിനും. ഇനി അവൾ എന്ന് നാട്ടിൽ പോകും, അവളുടെ കുഞ്ഞുങ്ങൾക്ക് ആര് ഇനി കാശ് അയക്കുമെന്ന് അറിയില്ല.
ജീവിതം വഴിമുട്ടിപോയവൾ. അവളെപ്പറ്റി ഓർക്കുമ്പോൾ എല്ലാം നെഞ്ചിൽ ഒരു വേദനയാണ്. അവളക്ക് എന്തുപറ്റി എന്ന് അറിയാത്ത ഒരു വേദന. എന്നും മനസ്സിൽ ഒരു നോവായി മറീന എന്ന കൂട്ടുകാരിയുണ്ട്. ഇത് വായിക്കുന്നവർക്ക് ഇത് വെറും കെട്ടുകഥയാകാം. കാരണം എന്റെ സ്ഥിരം എഴുത്തുകൾ ഇതുപോലുള്ള ജോലി ചെയ്യുന്നവരെ പറ്റിയാണ്. എനിക്ക് അങ്ങനെയുള്ളവരോട് അടുക്കാനാണ് ഇഷ്ടം. അവരാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദന അറിയുന്നവർ. കണ്ണീരിന്റെ നനവുള്ള നോട്ടുകെട്ടുകൾ ബ്രായിക്കടിയിൽ സൂക്ഷിച്ചു നടക്കുന്നവർ. ഒരുപക്ഷെ ദുബായ് ദേര നൈഫിലുള്ളവർക്ക് ഇതുപോലുള്ള സ്ത്രീകളെ കണ്ടു പരിചയം ഉണ്ടാകാം.
ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി ചിരിയോടെ വന്നു കൈയിൽ പിടിക്കുന്നവർ. ജീവിതം വഴിമുട്ടിപോയവർ. ഒരിക്കലും അവരെ പുച്ഛിക്കരുത്. ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു പറന്നിറങ്ങുന്നവരാണ്, പക്ഷെ വിധിച്ചത് ആയിരിക്കില്ല അവർക്ക് കിട്ടുന്നതും. പ്രീയ കൂട്ടുകാരിയെ ഒന്നൂടെ ഓർമിച്ചു പോസ്റ്റ് അവസാനിപ്പിക്കുന്നു.