മറക്കാനാവാത്ത ഒത്തിരി പ്രണയ നിമിഷങ്ങളുള്ള മോഹൻലാൽ സിനിമകളുണ്ട്. അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്‍റെ പ്രണയ ഭാവങ്ങള്‍ക്ക് ആരാധകരേറെയാണ്. ശോഭന, പാര്‍വതി, സുമലത, കാര്‍ത്തിക, രഞ്ജിനി, ഗിരിജ, രേവതി തുടങ്ങി നിരവധി നായികമാരോടൊപ്പം മോഹൻലാൽ അനശ്വരമാക്കിയ സിനിമകളുണ്ട്.
അക്കൂട്ടത്തിൽ ഉള്ളുലയ്ക്കുന്ന ദൃശ്യാവിഷ്കാരം കൊണ്ടും ഈറനണിയിക്കുന്ന ഭാവമുഹൂർത്തങ്ങൾ കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ലാലേട്ടന്‍റെ 12 സിനിമകൾ എടുത്ത് അതിലെ പ്രണയഭാവങ്ങളുടെ ലൈൻ ആര്‍ട്ട് തീര്‍ത്തിരിക്കുകയാണ് പോസ്റ്റര്‍ ഡിസൈനറായ റോസ്മേരി ലില്ലു. സോഷ്യൽമീഡിയയിലും ലാൽ ഫാൻസ് ഗ്രൂപ്പുകളിലും ഈ ചിത്രങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.
1988ൽ പുറത്തിറങ്ങിയ ‘ചിത്രം’. മോഹൻലാൽ, വിഷ്ണു എന്ന കഥാപാത്രമായും രഞ്ജിനി, കല്യാണിയായും എത്തിയ സിനിമ. ചിത്രത്തിൽ നടൻ സോമൻ അഭിനയിച്ച കഥാപാത്രം വിഷ്ണുവിനെ വെറുതെ വിട്ടിരുന്നെങ്കിലെന്ന് ചിന്തിക്കുമായിരുന്നു. അപ്പോൾ മുതലാണ് ഇത്തരത്തിലുള്ള മോഹൻലാൽ സിനിമകളെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്, അങ്ങനെ ലൈൻ ആർട്ട് വര തുടങ്ങിയെന്ന് റോസ്മേരി.
മോഹൻലാലിന്‍റെ പ്രണയ സിനിമകളെ അതുമല്ലെങ്കിൽ നഷ്ട പ്രണയങ്ങളെ കുറിച്ചുള്ള സിനിമകൾ ആലോചിച്ചപ്പോൾ പെട്ടെന്ന് കിട്ടിയവയാണവ. ഇനിയും ഏറെ സിനിമകളുണ്ട്. നഷ്ട പ്രണയം എന്ന് വിളിക്കാനാവാതെ ഇപ്പോഴും നില നില്ക്കുന്നു എന്ന് വിചാരിക്കാൻ ഇഷ്ടം ഉള്ള കഥാപാത്രങ്ങളാണിവരെന്ന് കണ്ണൂർ സ്വദേശിയായ റോസ്മേരി ലില്ലുവിന്‍റെ വാക്കുകള്‍.
ലവ് ആക്ഷൻ ഡ്രാമ, കവി ഉദ്ദേശിച്ചത്, ഖരം, പട്ടം എന്നീ സിനിമകൾക്ക് പോസ്റ്റർ ഒരുക്കിയിട്ടുള്ള റോസ്മേരി പുതിയതായി പോസ്റ്റർ ഒരുക്കിയിട്ടുള്ളത് സംവിധായകൻ ജിബു ജേക്കബിന്‍റെ പുതിയ ചിത്രം എല്ലാം ശരിയാകും എന്ന സിനിമയ്ക്കായാണ്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, വേട്ട, രാജമ്മ @ യാഹൂ, ആകാശവാണി, ഡാര്‍വിന്‍റെ പരിണാമം തുടങ്ങി നിരവധി സിനിമകളുടെ ഓൺലൈൻ പോസ്റ്ററുകളും ഒരുക്കിയിട്ടുണ്ട്. സിനിമകളുടെ സ്റ്റോറി ബോര്‍ഡും വരയ്ക്കാറുണ്ട്.