മുംബൈ സിനിമ നിർമാണക്കമ്പനിയിൽ അവസരം തേടിച്ചെന്നപ്പോൾ ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തെന്നു മുൻ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പാസ്വാൻ ആരോപിച്ചു.
കേസ് ഇപ്പോഴും മുംബൈ പൊലീസ് അന്വേഷിക്കുകയാണെന്നും കമ്പനിയുടെ പേര് വെളിപ്പെടുത്താതെ അവർ പറഞ്ഞു. ‘പെൺകുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്. ഞാനും ഒരു ഇരയാണ്’- അവർ കൂട്ടിച്ചേർത്തു.
2019ൽ മിസ് ഇന്ത്യയായ പാരി, മോഡൽ കൂടിയാണ്. അടുത്തിടെ ഭർത്താവ് നീരജ് പാസ്വാനുമായുള്ള തർക്കങ്ങളെ തുടർന്ന് വാർത്തകളിൽ പാരി ഇടംപിടിച്ചിരുന്നു. പാരി നൽകിയ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് ജയിലിലാണ്.
തുടർന്ന്, നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റ് കേസുമായി പാരിക്ക് ബന്ധമുണ്ടെന്നും പെൺകുട്ടികളെ കെണിയിൽ വീഴുത്തുകയാണ് പാരിയുടെ ജോലിയെന്നും ഭർതൃവീട്ടുകാർ ആരോപിച്ചിരുന്നു.
എന്നാൽ സ്ത്രീധനം നൽകാൻ വിസമ്മതിച്ചതാണ് ആരോപണങ്ങൾ ഉന്നയിക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്നും ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ജാർഖണ്ഡിലെ കത്രാസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പാരി പറഞ്ഞു.