ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസി ഷക്കീലയുടെ വിവാഹത്തിന് നേതൃതം നൽകി കൊല്ലം കലക്ടർ. ബി അബ്ദുൾ നാസർ ഐഎഎസ് ആണ് രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് കന്യാദാനം നടത്തിയത്.
വെള്ളിമൺ വെസ്റ്റ് വിഷ്ണു സദനത്തിൽ വിധുരാജാണ് ഷക്കീലയെ ജീവിതസഖിയാക്കിയത്. വിവാഹവിശേഷങ്ങൾ കലക്ടറുടെ ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ചു. കുറിപ്പിന്റെ പൂർണരൂപം;
ഒരുപാട് സന്തോഷം നൽകിയ ദിനം, ഒപ്പം ആത്മനിർവൃതിയും. ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ എന്റെ മകൾ കുമാരി ഷക്കീല യുടെയും വെള്ളിമൺ വെസ്റ്റ് വിഷ്ണു സദനത്തിൽ ശ്രീമതി സതീഭായിയുടെ മകൻ വിധുരാജിന്റെയും വിവാഹ സുദിനം.
പനമൂട് ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു ഈ മംഗളകർമ്മം. ഞാനും കുടുംബവും ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് ഈ കർമ്മത്തിൽ പങ്കു കൊണ്ടത്.
നവദമ്പതികൾക്ക് ഏറെ കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഒന്നായി ജീവിക്കാൻ ആവട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഈ ജില്ലയിൽ വന്നതിനു ശേഷം കുട്ടികളുടെ രക്ഷകർത്താവ് എന്ന നിലക്ക് നടന്ന മൂന്നാമത്തെ കന്യാദാനം.
പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ ബഹു മന്ത്രി ശ്രീമതി ചിഞ്ചുറാണി അവർകൾ, ശ്രീ പ്രേമചന്ദ്രൻ ബഹു കൊല്ലം എം പി, ശ്രീ നൗഷാദ് ബഹു MLA, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി ഗീതാകുമാരി, സൂപ്രണ്ട് ശ്രീമതി റ്റി ജെ മേരിക്കുട്ടി, ശ്രീമതി സരസ്വതി രാമചന്ദ്രൻ, പ്രസിഡന്റ് ത്രിക്കരുവ ഗ്രാമപഞ്ചായത്ത് എന്നിവർ നേതൃത്വം വഹിച്ചു.