
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാർത്തയാണ് ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച്ച ലഭിച്ചു എന്നത്. എന്നാൽ കാഴ്ച ലഭിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. അടുത്തിടെ ചില മാധ്യമങ്ങള്‍ വിജയലക്ഷ്മിക്കു കാഴ്ച കിട്ടിയെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. പിന്നാലെ തനിക്കു നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും
തെറ്റിദ്ധാരണയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും വിജയലക്ഷ്മി പറഞ്ഞു. വിജയലക്ഷ്മി തന്നെയാണ് വിഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ സത്യാവസ്ഥ വിവരിച്ചത്. യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷേ ആ വാര്‍ത്ത ശരിയല്ല.
എനിക്ക് കണ്ണിന് കാഴ്ച കിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സകള്‍ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ.
ആരോ തെറ്റിധാരണയുടെ പുറത്തായിരിക്കും എനിക്കു കാഴ്ച ലഭിച്ചുവെന്ന വാര്‍ത്ത കൊടുത്തത്. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിനു ശേഷം ഞാന്‍ തീര്‍ച്ചയായും വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടായിരിക്കണം – വൈക്കം വിജയലക്ഷ്മി പറഞ്ഞു.