ചാരിറ്റി പ്രവർത്തനങ്ങൾക്കായി കപ്പ് കേക്കുണ്ടാക്കി വിറ്റ് നല്ലൊരു തുക സ്വരൂപിച്ചിരിക്കുകയാണ് കബീർ എന്ന കൊച്ചുമിടുക്കൻ. മുംബൈ സ്വദേശികളായ കരിഷ്മ, കേശവ് എന്നീ ദമ്പതികളുടെ മകനാണ് ഈ മൂന്നുവയസുകാരൻ. കേക്ക് വിറ്റതിലൂടെ ലഭിച്ച തുക മുംബൈ പൊലീസിന് കൈമാറുന്ന കബീറിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മുംബൈ പോലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
10,000 രൂപ സമാഹരിക്കുകയായിരുന്നു കബീറിന്റെ ലക്ഷ്യം, എന്നാൽ അപ്രതീക്ഷിതമായാണ് 50,000 രൂപ ഈ കൊച്ചുമിടുക്കന് ലഭിച്ചത്. മതാപിതാക്കളും ഈ മിടുക്കന്റെ ദൗത്യത്തിന് ഒപ്പം നിന്നു. തുക അടങ്ങിയ ചെക്ക് കബീർ, മാതാപിതാക്കൾക്കൊപ്പം പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിന് കൈമാറി. തുകയ്ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥർക്ക് മധുരപലഹാരങ്ങൾ നിറഞ്ഞ ഒരു പെട്ടിയും കബീർ നൽകി. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കബീറിനെ പ്രശംസിച്ചും അഭിനന്ദിച്ചും കൊണ്ട് രംഗത്തെത്തുന്നത്.