മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനു സിതാര. ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അനു സിതാര , 2017-ൽ പുറത്തിറങ്ങിയ ‘രാമന്റെ ഏദൻ തോട്ടം’ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചതോടെ ശ്രദ്ധനേടുകയായിരുന്നു.
ജയസൂര്യ നായകനായ ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രശംസ പിടിച്ചുപറ്റി. സിനിമാതിരക്കുകൾക്കിടയിൽ സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. ഷൂട്ടിംഗ് ഇടവേളകളിൽ നൃത്ത വിഡിയോകൾ പങ്കുവയ്ക്കാറുണ്ട് അനു സിതാര. ഇപ്പോഴിതാ, എന്നെന്നും മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന ‘ചക്രവർത്തിനി നിനക്ക് ഞാനെന്റെ..’ എന്ന ഗാനത്തിനാണ് മനോഹരമായ ഭാവങ്ങൾ അനു സിതാര പങ്കുവയ്ക്കുന്നത്.
മുൻപും ഒട്ടേറെ പഴമയുടെ മധുരമുള്ള ഗാനങ്ങൾക്ക് നടി ചുവടുവെച്ചിരുന്നു. മമ്മൂട്ടി നായകനായ ‘മാമാങ്കം’ എന്ന ചിത്രത്തിലാണ് അനു സിതാര അവസാനമായി അഭിനയിച്ചത്. ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള ദിവ അജിത് തോമസ് സംവിധാനം ചെയ്ത ‘സന്തോഷം’ എന്ന ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നടിയിപ്പോൾ.