സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗൂഗിളിന്റെ സഹായത്തോടെ പോലീസ് നമ്പർ കണ്ടെത്തി പന്ത് മോഷണം പോയ വിവരം പോലീസിനെ അറിയിച്ച പയ്യന്റെ വിവരമാണ്. തൃശ്ശൂർ സ്വദേശിയായ അതുലിന്റെ പന്താണ് മോഷണം പോയത്. ഈ മാസം ഒന്നിന് കാണാതെപോയ പന്ത് തിരികെ കണ്ട് പിടിച്ച് നൽകണമെന്ന് അഭ്യർത്ഥനയുമാണ് അതുൽ പോലീസിനെ വിളിക്കുന്നത്. അടുത്ത് നടന്ന മത്സരം കാണാൻ വന്നവർ മോഷ്ടിച്ചതാകും എന്നാണ് പയ്യന്റെ നിഗമനം. ഗൂഗിളിൽ നിന്ന് നമ്പറെടുത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞപ്പോൾ ആരോ പറ്റിക്കുന്നതാവുമെന്നാണ് പൊലീസും കരുതിയത്.
എന്നാൽ സംഭവം അന്വേഷിച്ചെത്തിയപ്പോൾ സത്യമാണെന്ന് തെളിഞ്ഞു. പൊലീസുകാർ പന്ത് വാങ്ങി നൽകാം എന്ന് പറഞ്ഞിട്ട് മതിയായില്ല. സ്വന്തം പന്ത് വേണമെന്നാണ് അതുലിന്. ഒടുവിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. പന്ത് തിരക്കാനായി എഎസ്ആ കെ.പ്രദീപ്കുമാർ, സിപിഒമാരായ ബിസ്മിത, അനീഷ് എന്നിവരാണ് ഇറങ്ങിയത്. ഒടുവിൽ അതുലിന്റെ സംശയം പോലെ തന്നെ ഫുട്ബോൾ മത്സരം കാണാൻ വന്ന കുട്ടികളാണ് പന്ത് മോഷ്ടിച്ചത്. അവരിൽ നിന്നും പൊലീസ് തിരികെ വാങ്ങി അതുലിന് നൽകുകയും ചെയ്തു. പന്ത് കിട്ടിയതോടെ അതുൽ സന്തോഷവാനായി.