കൊവിഡ് കാലത്തെ പ്രധാന പ്രതിരോധമാർഗമായ സാമൂഹിക അകലം പാലിക്കാനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അരികിലെത്താനും അവരെ ഒന്നു ചേർത്ത് പിടിക്കാനും പല വഴികളും ആളുകൾ കണ്ടെത്തുന്നത് കൗതുകകരമായ വാർത്തകളായി. ഇത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു അമ്മയും മകളുമാണ്. കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ യു.എസിൽ വൃദ്ധ സദനത്തിൽ കഴിയുന്ന അമ്മയെ കാണാൻ അവരെ ഒന്നു കെട്ടിപ്പിടിക്കാൻ മകൾ തേടിയ വഴിയാണ് കൗതുകകരമായത്.
സാമൂഹിക അകലം പാലിക്കുക എന്ന നിർദേശം നിലവിലുള്ളതിനാൽ അമ്മയെ ഒന്നു ചേർത്ത് പിടിക്കാന്‍ സർഗാത്മകമായ ഒരു വഴിയാണ് ഇവർ കണ്ടുപിടിച്ചത്. ഒരു വലിയ ഹിപ്പോയുടെ വേഷം ധരിച്ചാണ് മകൾ അമ്മയ്ക്കരികിലെത്തുന്നത്. വേഷം അണുവിമുക്തമാക്കി സുരക്ഷ ഉറപ്പു വരുത്തി തന്നെയാണ് എത്തിയത്. മുന്നിൽ ഒരു ഹിപ്പോയെ കണ്ട അമ്മ ഒന്നു പകച്ചു നിന്നെങ്കിലും പിന്നീട് മകളുടെ ശബ്ദം കേട്ട് അരികിലേക്ക് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും തന്‍റെ അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയ മകളുടെ ശ്രമത്തെ അഭിനന്ദിക്കുകയാണ് പലരും.