കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ലിനിയുടെ ഓർമകൾ നമുക്ക് കരുത്തേകും; പിണറായി വിജയൻ

നിപ്പ വൈറസിനെതിരെ പോരാടി ജീവിതം വെടിഞ്ഞ വ്യക്തിയാണ് സിസ്റ്റർ ലിനി. കേരള ജനത എന്നും ഓർക്കുന്ന പേരാണ് ലിനി. സിസ്റ്റർ ലിനി നമ്മളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 2 വർഷം തികയുന്നു. ഈ സാഹചര്യത്തിൽ ലിനിയെ ഓർത്ത്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവർക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറി.

കോവിഡ് – 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓർമ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് ഈ പോരാട്ടത്തിൽ കേരളത്തിൻ്റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിൻ്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്.രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവർത്തകർ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നൽകുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ ലിനിയുടെ ഓർമ്മകൾ നമുക്ക് കരുത്തേകും.

Previous articleമേഘ്‌നയുടെ മുൻ ഭർത്താവ് ഡോൺ ടോണിയുടെ വിവാഹചിത്രങ്ങൾ വൈറൽ;
Next articleസെക്സിനിടയിൽ മൂത്ര വിസർജനം നടക്കുമോ, ശ്രീലക്ഷ്മി അറക്കൽ തുറന്നെഴുതുന്നു.!

LEAVE A REPLY

Please enter your comment!
Please enter your name here