
സ്വതസിദ്ധമായ സംസാര ശൈലിയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ അഭിനേതാവാണ് കോട്ടയം പ്രദീപ്. ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെയിലൂടെയായാണ് അദ്ദേഹം ബിഗ് സ്ക്രീനില്‍ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായിരുന്ന നടന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് ആരാധകര്‍.
ജീവിത വിശേഷങ്ങളും ചെയ്യാനാഗ്രഹമുള്ള കഥാപാത്രത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള കോട്ടയം പ്രദീപിന്റെ അഭിമുഖ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കിട്ടത്.
ഹൈസ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് എനിക്കും പ്രണയമുണ്ടായിരുന്നു. പ്രണയിക്കാത്തവരായി ആരാണുള്ളത്. പത്താം ക്ലാസിലെ പ്രണയം എന്ന ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് പറയുന്നതിനിടയിലാണ് പ്രദീപും തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. കോട്ടയം കാരാപ്പുഴ ഗവണ്മെന്റ് ഹൈസ്കൂളിലായിരുന്നു പഠിച്ചത്. അന്നൊരു കത്ത് കൊടുക്കാന്‍ പോലും പേടിയാണ്.

ഇന്നത്തെപ്പോലെയുള്ള സൗകര്യങ്ങളൊന്നും അന്നില്ല, ഫോണൊക്കെ അപൂര്‍വ്വം ചില വീടുകളിലേയുള്ളൂ. തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം വരുമ്പോഴാണ് പെണ്‍കുട്ടികളെയെല്ലാം കാണുന്നത്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രണയമായിരുന്നു അന്നത്തെ കാലത്തുണ്ടായിരുന്നത്. ഒന്ന് കാണാനും എഴുത്ത് കൊടുക്കാനും അതിന്റെ മറുപടിയിലെ ഉള്ളടക്കത്തെക്കുറിച്ചുമൊക്കെ ആലോചിച്ച് ഉറക്കം വരാതെ കിടന്നിരുന്ന കാലമായിരുന്നു അന്നത്തേത്.
ആത്മാര്‍ത്ഥതയുള്ള പ്രണയങ്ങളായിരുന്നു അന്നത്തേത്. ഇന്ന് രാവിലെ കണ്ട് വൈകുന്നേരം പിരിയുന്ന തരത്തിലുള്ള പ്രണയങ്ങളല്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. പൊതുവെ കോമഡി കഥാപാത്രങ്ങളാണ് എനിക്ക് ലഭിക്കാറുള്ളത്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ആത്മാര്‍ത്ഥമായാണ് ചെയ്യുന്നത്. മുഴുനീള കഥാപാത്രങ്ങള്‍ കിട്ടിയില്ലെങ്കിലും നല്ല കഥാപാത്രമാണെങ്കില്‍ ചെയ്യും. ആ കഥാപാത്രം നന്നായി എന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ നമുക്കൊരു അവാര്‍ഡ് കിട്ടുന്ന സന്തോഷമാണ്.
ഒരു സീരിയസ് കഥാപാത്രം ചെയ്യണമെന്ന് എന്റെ ഉള്ളിന്റെയുള്ളിലുണ്ട്. അത് കിട്ടുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് എല്‍ ഐസി ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു പ്രദീപ്. രണ്ടും ഏറെ പ്രിയപ്പെട്ട കാര്യമാണ്. എന്റെ രണ്ട് കണ്ണുകളാണ് ഈ രണ്ട് കാര്യങ്ങളും.
സിനിമയില്‍ തിരക്കില്ലാത്ത സമയത്ത് ജോലിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുമെന്നുമായിരുന്നു അഭിമുഖത്തില്‍ പ്രദീപ് പറഞ്ഞത്. സീരീയസ് കഥാപാത്രമെന്ന മോഹം സാക്ഷാത്ക്കരിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍.