കൊവിഡ് എന്ന് സംശയത്തിൽ ഗര്‍ഭിണിയെ ഫ്ലാറ്റിൽ നിന്ന് ഇറക്കിവിടാനുള്ള ശ്രമം തടഞ്ഞ് നടൻ റോണി

എറണാകുളം തമ്മനത്ത് കൊവിഡ് വൈറസ് രോഗ ബാധ ഉണ്ടെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയും ഗര്‍ഭിണിയുമായ യുവതിയേയും കുടുംബത്തിനേയും ഫ്ലാറ്റിൽ നിന്ന് ഇറക്കിവിടാൻ ശ്രമം തടഞ്ഞത് നടനും ഡോക്ടറുമായ റോണി ഡേവിഡ് രാജ്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. യുവതിക്ക് കൊറോണ വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നൽകിയിട്ടും ഫ്‌ളാറ്റൊഴിയണമെന്ന് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികള്‍ നിലപാടെടുത്തതോടെയാണ് റോണി ഇടപെട്ടിരിക്കുന്നത്. റോണിക്ക് പിന്തുണയുമായി നിരവധി താരങ്ങളും എത്തിയിരിക്കുകയാണ്.

സംഭവം നവ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ഇതോടെ വാര്‍ത്താ മാധ്യമങ്ങളും എംഎൽഎ, കലക്ടർ, മന്ത്രിമാർ തുടങ്ങിയവരും ഈ വിഷയത്തിന്‍റെ ഗൗരവമറിഞ്ഞ് ഇടപെടുകയുമായിരുന്നു. ഈയൊരു സമയത്തെങ്കിലും ഇതുപോലെ പെരുമാറുന്നത് മാറ്റണമെന്നും ഇത്തരം പെരുമാറ്റങ്ങൾ നാടിന് അപമാനമാണെന്നും വ്യക്തമാക്കിയ ജില്ലാ കലക്ടർ എസ് സുഹാസ് ഇവര്‍ക്ക് ഫ്ലാറ്റിൽ തന്നെ താമസിക്കാനുള്ള സൗകര്യം ഒരുക്കുകയുമുണ്ടായി. ഈ ഫ്ലാറ്റിലെ തന്നെ താമസക്കാരനാണ് റോണി.

പൂർണ ഗർഭിണിയാണ് യുവതി, രണ്ട് ദിവസത്തിനുള്ളിൽ പ്രസവം നടക്കാനിരിക്കുകയുമാണ്. ഈ സമയത്താണ് കൊറോണ ഉണ്ടെന്ന് ആരോപിച്ച് ഫ്‌ളാറ്റ് ഒഴിയാൻ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുകയുണ്ടായത്. ഇതിനെതിരെയാണ് ഡോ.റോണി പ്രതികരിച്ചത്. ഇവർ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ ചികിത്സയ്ക്ക് എത്തിയതാണ്, കൊവി‍ഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും വൈറസ് ബാധ ഇല്ലെന്നുമുള്ള തമിഴ്‌നാട് സർക്കാറിന്‍റേയും സംസ്ഥാന സർക്കാറിന്‍റെയും പരിശോധന ഫലം ദമ്പതികൾ അസോസിയേഷൻ ഭാരവാഹികൾക്ക് നൽകിയിട്ടുമുണ്ട്.

എന്നാൽ കൊറോണയാണെന്ന് തെറ്റ് ധരിച്ചതാണ് ഇത്തരം ഒരു സംഭവമുണ്ടാകുന്നതിന് ഇടയാക്കിയതെന്നാണ് അസ്സോസിയേഷൻ ഭാരവാഹികള്‍ നൽകിയിരിക്കുന്ന വിശദീകരണം. അതുകണ്ട് ഫുഡ് വേയ്‌സ്റ്റെടുക്കാൻ ജോലിക്കാർ പോകാതിരുന്നു എന്നതുമാത്രമാണ് പ്രശ്നം. അല്ലാതെ ദമ്പതികളോട് ഫ്‌ളാറ്റൊഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നുണ്ട്. ഡോ. റോണിക്ക് പിന്തുണയുമായി നടൻ ആര്യൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

ഈ വിഷയത്തിൽ മാധ്യമങ്ങളിലുള്‍പ്പെടെ പ്രതികരിക്കാൻ തയ്യാറായ ഡോ.റോണിയെ പിന്തുണച്ച് നടൻ ആര്യൻ രമണി ഗിരിജാ വല്ലഭൻ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. ആ യുവതിക്കും കുടുംബത്തിനും വേണ്ടി അസോസിയേഷനെതിരെ ഒറ്റയാൾ പട്ടാളമായി കൂടെ നിന്ന് സഹായിക്കുന്ന പ്രിയ സഹോദരൻ റോണി ഡേവിഡ് നിങ്ങൾ മുത്താണ്‌, ടിവി ചാനലിൽ താങ്കള്‍ പറഞ്ഞ ആ വാചകം ”ഈ സമയത്ത്‌ മനുഷ്യത്വമാണ്‌ ഏതൊരാൾക്കും വേണ്ടത്‌. അതിൽ തമിഴൻ എന്നോ, തെലുങ്കൻ എന്നോ മലയാളി എന്നോ ഇല്ല” മറക്കാനാവില്ലെന്നും ആര്യൻ കുറിച്ചിരിക്കുകയാണ്.

Previous articleഒരിറ്റ് വെള്ളം പോലും കൊടുക്കാൻ സാധിച്ചില്ല, വേണ്ടപ്പെട്ടവരോട് ഒരു വാക്കുപോലും അവസാനമായി മിണ്ടാനാകാതെ; ഹൃദയം നുറുങ്ങും വേദനയിൽ നഴ്സ് ശിൽപ
Next articleആരായാലും ഒന്ന് അത്ഭുധപെട്ടുപോകും; പഴയ കൂറ്റൻ ടാങ്കിനെ ഒരു പൂച്ചയാക്കി മാറ്റിയത് എങ്ങിനെയെന്ന് കണ്ടുനോക്കൂ.!

LEAVE A REPLY

Please enter your comment!
Please enter your name here