ഗായിക ചിത്രയുടെ ഫേസ്ബുക്ക് കുറിപ്പ്; ‘എന്റെ ഭാഷ സംഗീതമാണ്. വീട്ടിലിരുന്ന് ‘എന്ത് ‘ എന്ന ആലോചനയുടെ
ഫലമായാണ് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’വിന്റെ ജനനം. രചന ഞാൻ അമ്മയെപ്പോലെ കരുതുന്ന രാജിച്ചേച്ചിയുടേതാണ് (രാജിതമ്പി). സംഗീതം ശരത്തിന്റെയും. സഹനത്തോടും ക്ഷമയോടും ഗവണ്മെന്റിനോടുള്ള അനുസരണയോടും നമുക്ക് ഈ ദുരിതകാലത്തെ അതിജീവിക്കാം. വൈറസ്സൊഴിഞ്ഞ നല്ലൊരു പൊൻപുലരിയെ സ്വയം ശുദ്ധീകരിച്ച മനസുകളോടെ നമുക്ക് സ്വാഗതം ചെയ്യാം. എന്റെ ഈ ചെറിയ സംരംഭം നിങ്ങൾക്കു മുൻപിൽ സ്നേഹത്തോടെ സമർപ്പിക്കുന്നു.’
കൊറോണ വൈറസിനെ കീഴടക്കി ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ എന്ന പ്രാർഥനയുമായി ഒരുമിക്കുകയാണ് ഇന്ത്യയുടെ നാല് സംഗീത വിസ്മയങ്ങൾ. എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര, ശങ്കർ മഹാദേവൻ, ശരത് എന്നിവരാണ് കൊറോണക്കെതിരെ പോരാടാൻ ശക്തി പകരുന്ന ഗാനം നാലിടത്ത് ഇരുന്ന് പാടി ഒരുമിച്ചിരിക്കുന്നത്. ഗായിക ചിത്രയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്ത ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ഗാനം സംഗീത പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. പുറത്തുവിട്ട് കുറഞ്ഞ സമയത്തിനുള്ളിൽ 57,000 പേരാണ് ഗാനം കണ്ടത്. 11,000ത്തിലധികം പേർ ഇതുവരെ ഷെയർ ചെയ്തു. രാജി ശ്രീകുമാരൻ തമ്പിയാണ് വരികളെഴുതിയിരിക്കുന്നത്. ശരത് സംഗീതം പകർന്നു. ലോക്ഡൗണിൽ വീടുകളിൽ തന്നെയിരുന്നാണ് ആലാപനവും റെക്കോർഡിങ്ങും മിക്സിങ്ങും എല്ലാം ചെയ്തിരിക്കുന്നത്.