വാഗമണിൽ ഒരു ചെറിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിന്റെ അനുഭവവും ഹോട്ടൽ നടത്തുന്ന അമ്മ വിളമ്പിയ സ്നേഹത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ ജയസൂര്യ. ‘ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ. കുറച്ച് മോനും കഴിച്ചോ’..എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ജയസൂര്യ കുറിച്ചത്.
നവാഗതനായ അഭിജിത്ത് സംവിധാനം ചെയ്യുന്ന ‘ജോണ്‍ ലൂതറി’ന്റെ ചിത്രീകരണത്തിനായാണ് ജയൂസര്യ വാഗമണ്ണിൽ എത്തിയത്. ജയസൂര്യ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജോൺ ലൂഥറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരങ്ങൾക്കൊപ്പം മന്ത്രി സജി ചെറിയാനും റിലീസ് ചെയ്തിരുന്നു.
വാഗമണ്ണിൽ ചിത്രീകരണത്തിനായി പോകുമ്പോള്‍ പതിവായി കയറാറുള്ള കടയാണിത്. ഒരുദിവസം രാവിലെ പ്രഭാതഭക്ഷണത്തിനുവേണ്ടിയാണ് ജയസൂര്യ ഹോട്ടലിൽ കയറിയത്. ‘എന്നാ ഉണ്ടടാ ഉവ്വേ’ എന്ന് ചോദിച്ച് കോട്ടയം ശൈലിയിൽ ജയസൂര്യയെ സ്വീകരിച്ചിരുത്തിയ ചേട്ടത്തി ആദ്യം വിളമ്പിയത് ഇഡ്ഢലിയും സാമ്പാറുമാണ്.
അതിനൊപ്പം വീട്ടിലെ ആവശ്യത്തിനായി വച്ച ബീഫ് കറിയും അമ്മ ജയസൂര്യയ്ക്കു വിളമ്പി. അമ്മയുടെ കൊച്ചുമക്കളെയും തനിക്കൊപ്പമിരുത്തി ഭക്ഷണം കഴിപ്പിച്ച ശേഷമാണ് താരം മടങ്ങിയത്. കുഞ്ചാക്കോ ബോബനൊപ്പം’ എന്താ ടാ സജി’യാണ് ജയസൂര്യയുടെ മറ്റൊരു ചിത്രം.
ഇതുകൂടാതെ മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ‘മേരി ആവാസ് സുനോ’ റിലീസിനൊരുങ്ങുന്നു. ‘വെള്ളം’ ത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതമി നായര്‍,ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.