നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍ പേഴ്സണുമായ കെ പി എ സി ലളിതയ്ക്ക് കരൾ നൽകാൻ തയ്യാറാണെന്ന് കലാഭവൻ സോബി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് കെ പി എ സി ലളിത. കരൾ ദാതാവിനെ തേടി കെ പി എ സി ലളിതയുടെ മകൾ ശ്രീക്കുട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കലാഭവൻ സോബി കരൾ പകുത്തുനൽകാൻ സന്നദ്ധനായി മുന്നോട്ട് വന്നത്.
ഇക്കാര്യം ഉടനെ കെ പി എ സി ലളിതയുടെ കുടുംബത്തെ അറിയിക്കുമെന്ന് കലാഭവൻ സോബി സമയം മലയാളത്തിനോട് പറഞ്ഞു. കെ പി എ സി ലളിതയ്ക്ക് കരൾ ആവശ്യമുണ്ട് എന്ന വിവരം കഴിഞ്ഞ ദിവസമാണ് താൻ അറിഞ്ഞത്. തുടർന്ന് പലരുമായും കൂടിയാലോടിച്ച ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. ലളിതച്ചേച്ചി വളരെ നല്ല ഒരു ആർട്ടിസ്റ്റാണ്. അവർ ഒരുപാട് നാളായി ഡോണറെ അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
തന്റേത് ബി പോസിറ്റീവ് രക്തഗ്രൂപ്പാണ്. താൻ ഇത് വരെ മദ്യപിക്കുകയോ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. തനിക്ക് 54 വയസ് പ്രായമുണ്ട്. ലളിത ചേച്ചിയുടെ മകൾ പറഞ്ഞിരിക്കുന്നത് ഡോണർ 20 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള ആളാകണം എന്നാണ്. എന്നാൽ ഇക്കാര്യം താൻ ഡോക്ടർമാരുമായി സംസാരിച്ചിട്ടുണ്ട്. കരൾ പകുത്ത് നൽകുന്നതിന് ഈ പ്രായം ഒരു തടസമല്ല എന്നാണ് അറിയാൻ കഴിഞ്ഞത് എന്നും കലാഭവൻ സോബി പറഞ്ഞു.
ഇക്കാര്യം കെ പി എ സി ലളിതയുടെ കുടുംബത്തെ നേരിട്ട് അറിയിക്കാൻ പറ്റിയിട്ടില്ല. ഉടനെ തന്നെ ഇക്കാര്യം അവരെ അറിയിക്കും. ലളിത ചേച്ചി ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കരൾ മാറ്റ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങളെക്കുറിച്ച് ബോധവാനാണ് എന്നും കലാഭവൻ സോബി പറഞ്ഞു.
ഡോക്ടർമാരുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെ പി എ സി ലളിത. കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുന്നുവെന്ന വാർത്തകൾ വലിയ വിവാദമായിരുന്നു.