മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പല ജീവിതകഥകളും നാം കേട്ടിട്ടുണ്ട്. വലിയൊരു ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പന്ത്രണ്ടാമത്തെ നിലയില്‍ നിന്നും വീണ കുഞ്ഞിന് രക്ഷകനായ ഡെലിവറി ബോയ്-യുടേതാണ് ഈ ദൃശ്യങ്ങള്‍.
വിയറ്റ്‌നാമിലെ ഹനോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ പങ്കുവയ്ക്കുന്നുണ്ട്. കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് വീണ കുഞ്ഞിനെ ഡെലിവറി ബോയ് സുരക്ഷിതമായി കരങ്ങളില്‍ ചേര്‍ത്തുപിടിയ്ക്കുന്നതും വീഡിയോയില്‍ കാണാം.
ഗ്യുവെന്‍ ഗോഹ് മാന്‍ എന്നാണ് ഈ ഡെലിവറി ബോയ്-യുടെ പേര്. ഉടമയ്ക്ക് പാഴ്‌സല്‍ കൈമാറിയതിന് ശേഷമാണ് ഫ്‌ളാറ്റില്‍ നിന്നും ഇദ്ദേഹം രണ്ട് വയസ്സുകാരിയായ കുട്ടിയുടെ കരച്ചില്‍ കേട്ടത്. കുട്ടി ഒറ്റക്കൈയില്‍ ബാല്‍ക്കണിയുടെ ഭാഗത്തായി തൂങ്ങിനില്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്താനായി രണ്ട് മീറ്റര്‍ ഉയരത്തിലുള്ള ഒരു മേല്‍ക്കൂരയില്‍ ഗ്യുവെന്‍ ഗോഹ് മാന്‍ കയറി. കുഞ്ഞ് താഴേയ്ക്ക് വീണപ്പോള്‍ താങ്ങുകയും ചെയ്തു. ഈ ഡെലിവറി ബോയ്-യുടെ സമയോചിതമായ ഇടപെടലാണ് പെണ്‍കുട്ടിയ്ക്ക് രക്ഷയായത്.