തിങ്കളാഴ്ച സ്കൂൾ തുറന്നപ്പോൾ രണ്ടാം ബാച്ചിലുൾപ്പെട്ടതു കാരണം ക്ലാസിലിരിക്കാൻ സാധിക്കാത്തതിന്റെ സങ്കടവുമായി സ്കൂളിന്റെ ജനാലയ്ക്കരികിൽ എത്തിയ നാലാംക്ലാസുകാരന്റെ ഫോട്ടോ നവമാധ്യമങ്ങളിൽ വൈറലായി. നരിപ്പറ്റ നോർത്ത് എൽ.പി. സ്കൂളിൽ പഠിക്കുന്ന ദേവതീർഥാണ് തന്റെ കൂട്ടുകാരെ കാണാൻവന്നത്.
20 കുട്ടികളുള്ള ക്ലാസിൽ ദേവതീർഥ് ഉൾപ്പെടെ 10 പേർക്ക് വെള്ളിയാഴ്ചയാണ് ക്ലാസ് തുടങ്ങുന്നത്. ബാക്കി 10 പേരാണ് ആദ്യബാച്ചിൽ ഉൾപ്പെട്ടത്. സർക്കാർ മാർഗനിർദേശപ്രകാരം ക്ലാസുകളിലെ കുട്ടികളെ ബാച്ചാക്കിത്തിരിച്ചാണ് സ്കൂളിൽ സ്കൂളിൽ എത്തിക്കുന്നത്. ആദ്യത്തെ മൂന്നുദിവസം ഒരുബാച്ചും തുടർന്നുള്ള മൂന്നുദിവസം അടുത്തബാച്ചും.
ഇതുകാരണം ഒരു ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് തന്നെ പരസ്പരം കാണാനാവാത്ത സ്ഥിതിയാണ്. സ്കൂളിന്റെ പിന്നിലാണ് ദേവതീർഥിന്റെ വീട്. വീടിന്റെ കൈയാലയിൽനിന്ന് കുനിഞ്ഞ് തന്റെ ക്ലാസിലേക്ക് നോക്കുന്ന ദേവതീർഥിന്റെ ചിത്രം സ്കൂളിലെ അധ്യാപികമാരിലാരോ മൊബൈലിൽ പകർത്തി നവമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു.
നിരവധിപേരാണ് നിമിഷങ്ങൾക്കകം അത് ഷെയർ ചെയ്തത്. ചേലക്കാട് അഗ്നിരക്ഷാസേനയിലെ ജീവനക്കാരനായ അനീഷ് ഒരപ്പിലിന്റെയും നീതിയുടെയും മകനാണ് ദേവതീർഥ്.