വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസ്സാം, മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലേക്ക് ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്തവരായി ഏറെപ്പേർ കാണില്ല. ദൂരവും, എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും കാരണം പല യൂട്യൂബർമാറും ഇപ്പോഴും ‘എക്‌സ്‌പ്ലോർ’ ചെയ്യാത്ത ഒരിടമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ.
പ്രധാനമായും യാത്രാക്ലേശം ആണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം. ചെങ്കുത്തായ മലനിരകളിലൂടെയാണ് റോഡുകൾ പലതും. ചെറിയ ഒരു അശ്രദ്ധ മതി വാഹനം അഗാധ ഗർത്തത്തിലേക്ക് പതിക്കാൻ. ഇത്തരത്തിൽ അടുത്തിടെ ഒരു ലോറി നാഗാലാൻഡിലെ ഒരു സ്ഥലത്ത് പതിച്ചു.
ഭാഗ്യവശാൽ ഏറെ താഴ്ചയുള്ള ഗർത്തം ആയിരുന്നില്ല. അത് കൊണ്ട് തന്നെ ഇഞ്ചി കയറ്റിക്കൊണ്ടുപോയ ട്രാക്കിന്റെ ഡ്രൈവർക്കും ക്‌ളീനർക്കും അപകടത്തിൽ നിസ്സാര പരിക്കുകൾ മാത്രമേ പറ്റിയുള്ളൂ. പ്രശ്നം അതല്ല, ഇനിയെങ്ങനെ താഴേക്ക് വീണ ലോറി തിരിച്ച് റോഡിലെത്തിക്കും. അതെന്താ ഒരു ക്രെയിൻ കൊണ്ടുവന്ന് പൊക്കിയാൽ പോരെ എന്നാണ് ചിന്തിക്കുന്നതെങ്കിൽ, ഒരു നിമിഷം, ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ്. ഒരു ലോറിക്ക് പോലും അനായാസേന സഞ്ചരിക്കാൻ പറ്റാത്തിടത്ത് എന്ത് ക്രെയിൻ?
എന്നും കരുതി ലോറി അവിടെ ഉപേക്ഷിക്കാനും പറ്റില്ലല്ലോ? ഒടുവിൽ ഒരു വഴിയും കാണാതെ വന്നതോടെ ലോറി വലിച്ചു മുകളിൽ കയറ്റാൻ തന്നെ തീരുമാനമായി. സംഘടിച്ച നാട്ടുകാർ കയറുമായി വന്നു ലോറിയുടെ പലഭാഗത്തായി കെട്ടി. മറുഭാഗം ഉയരമുള്ള ഭാഗത്തെ മരത്തിൽ കപ്പികൊണ്ട് ബന്ധപ്പിച്ചു വലിക്കാൻ തുടങ്ങി. കുറഞ്ഞത് 100 പേരെങ്കിലും കൂടി കൃത്യമായ ഹൈലസ (നാഗാലാൻഡിലെ ഹൈലസ എന്താണോ അത്) വിളിയുമായി ലോറി വലിച്ചു കയറ്റേണ്ടത് ഒരു കാഴ്ച താന്നെയാണ്. ഒത്തുപിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കും നടത്തിയ പ്രവർത്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
In a village in Nagaland (not yet identified) the entire community pulls up a truck which fell off the road with ropes & the spirit of unity!
— Mmhonlumo Kikon (@MmhonlumoKikon) January 10, 2021
More information awaited! As received on WhatsApp! pic.twitter.com/B0joxEPEKU
കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 6.5 ലക്ഷത്തിലധികം പേരാണ് കണ്ടിട്ടുള്ളത്. 30,000-ൽ ഏറെ ലൈക്കുകളും, 6,000-ന് അടുത്ത് റീട്വീറ്റുകളും നേടി മുന്നേറുന്ന വിഡിയോയിൽ തദ്ദേശവാസികളുടെ സഹകരണത്തെ പ്രശംസിച്ചു ധാരാളം പേരാണ് പ്രതികരണം അറിയിക്കുന്നത്.