കുമ്പളം ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽപന നടത്തുന്ന ഷഹ്രിൻ അമാനും കുടുംബത്തിനും തുണയായി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. ഭിന്നശേഷിക്കാരനായ അനിയനും ഉമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വില്‍ക്കുന്ന ഷഹ്രിനെക്കുറിച്ചുള്ള വാര്‍ത്തയും
തനിക്ക് ലുലുമാൾ ഉടമയെ കാണണമെന്ന ഷഹ്രിന്‍റെ ആഗ്രഹവും ശ്രദ്ധയില്‍പ്പെട്ട യൂസഫലി ഈ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഫ്ലവേഴ്‌സ് ഒരു കോടിയിലൂടെ ഷഹ്രിന്‍റെ ജീവിത ദുരിതം തിരിച്ചറിഞ്ഞ എം.എ യൂസഫലി ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും നേരിട്ടു വന്നു കണ്ടാണ് തന്‍റെ എല്ലാ സഹായവും അവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചത്.
ഒരു വിമാനയാത്രക്കിടയിലാണ് ഷഹ്രിന്‍റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതെന്നും ആ കുഞ്ഞിന് സഹായം നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും യൂസഫലി പറഞ്ഞു. ചാനൽ പരിപാടിയിൽ തന്നെ കാണാന്‍ ഷഹ്രിന്‍ വലിയ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞപ്പോള്‍ ഷഹിനെ വന്നു കാണണമെന്ന് കരുതിയെന്ന് പറഞ്ഞ യൂസഫലി നേരിട്ടെത്തി
ഷഹ്രിനെയും ഉമ്മയെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്. ഷഹ്രിന് നന്നായി പഠിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കുകയുണ്ടായി. ഷഹ്രിന്‍റെ സഹോദരൻ അര്‍ഫാസിന്‍റെ ശസ്ത്രക്രിയയുടെ ചെലവ് യൂസഫലി വഹിക്കും എന്നും ഷഹ്രിന്‍റെ ഐപിഎസ് എന്ന മോഹം അറിഞ്ഞതോടെ പഠിപ്പിക്കാനുള്ള സഹായം ചെയ്യുമെന്നും യൂസഫലി അറിയിച്ചു.
മാത്രമല്ല, ഷഹ്രിന്‍റെ ഒരു ബന്ധുവായ യുവാവിന് അദ്ദേഹം ജോലിയും നല്‍കും. ഉമ്മയുടെ കഷ്ടപ്പാടുകൾ കണ്ടാണ് ഒമ്പതാം ക്ലാസുകാരിയായ ഷഹ്‌റിൻ ഫാസ് ടാഗ് വിൽക്കാൻ ഇറങ്ങുകയുണ്ടായത്. ലുലുമാളിൽ തനിക്കൊരു കിയോസ്ക് നൽകണമെന്നും യൂസഫലിയോട് ആവശ്യപ്പെട്ടതായി
ഷഹ്രീൻ മാധ്യമങ്ങളോട് പറഞ്ഞു. നടി മഞ്ജുവാര്യരെ കാണണമെന്ന ആഗ്രഹവും ഷഹ്രിന് മുമ്പ് പ്രകടിപ്പിച്ചിരുന്നു. അതറിഞ്ഞ മഞ്ജു ഷഹ്രിനെ കാണാൻ നേരിട്ട് എത്തിയതും വലിയ വാർത്തയായിരുന്നു.