ബിലഹരി സംവിധാനം ചെയ്ത കുടുക്ക് 2025 റിലീസിന് ഒരുങ്ങുകയാണ്. കൃഷ്ണശങ്കർ നായകനാകുന്ന സിനിമയിൽ ദുർഗ കൃഷ്ണയും സ്വാസികയും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിലെ മനോഹരമായൊരു ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചുവടുവയ്ക്കാൻ പറ്റുന്ന താളത്തിലുള്ള ഗാനമാണ് കുടുക്കിലേത്.
ഗാനത്തിന് ചുവടുവെച്ച് നായികമാരായ സ്വാസികയും ദുർഗയും നായകൻ കൃഷ്ണശങ്കറും എത്തിയിരുന്നു. ഇപ്പോഴിതാ, ഒരു കുഞ്ഞു മിടുക്കിയുടെ കുടുക്ക് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നാടൻ രീതിയിൽ വേഷമൊക്കെ അണിഞ്ഞ് കൊയ്ത്തുപാട്ടിന്റെ ചുവടുകളൊക്കെയായാണ് ഈ മിടുക്കി നൃത്തം ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളിലെല്ലാം കഴിഞ്ഞ കുറച്ചുദിവസങ്ങളായി താരമാകുന്നത് ഈ മിടുക്കിയാണ്. ‘അള്ള് രാമേന്ദ്രന്’ ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്. ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.